കോവിഡ് 19 പിടിപെട്ടത് ദൈവാനുഗ്രഹമാണെന്ന് ട്രംപ്

വാഷിങ്ടന്‍: കോവിഡ് 19 തന്നില്‍ സ്ഥിരീകരിച്ചത് ദൈവത്തില്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടാണ് താന്‍ വിശ്വസിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ 7 ബുധനാഴ്ച ട്രംപ് വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്താണ് ഈ വിവരം പൊതുജനങ്ങളെ അറിയിച്ചത്.

കോവിഡ് 19 രോഗം അനുഗ്രഹമാണെന്ന് പറയുന്നതിന് പ്രസിഡന്റിനെ പ്രേരിപ്പിച്ചത് കൊറോണ വൈറസ് ബാധിച്ച പതിനായിരക്കണക്കിനു രോഗികളെ ചികിത്സിക്കുന്നതിനുള്ള വാക്‌സിന്‍ ആദ്യം തനിക്കു തന്നെ രോഗവിമുക്തി നല്‍കി എന്നുള്ളതാണ്. ഈ വാക്‌സിന്‍ എല്ലാ രോഗികള്‍ക്കും സൗജന്യമായി നല്‍കുന്നതിനാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് പ്രസിഡന്റ് പറയുന്നു. അമേരിക്കയിലെ ഓരോ പൗരനും തനിക്കു ലഭിച്ച ചികിത്സയ്ക്കു തുല്യമായത് ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

എനിക്ക് രോഗം വന്നില്ലായിരുന്നുവെങ്കില്‍ ഏറ്റവും ഫലപ്രദമായ ഈ വാക്‌സിന്‍ ഒരു പക്ഷേ ഉപയോഗിക്കുന്നതിന് കാലതാമസം വരുമായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ച ശേഷം മൂന്നുദിവസം മാത്രമാണ് പ്രസിഡന്റ് ട്രംപ് വാള്‍ട്ടര്‍ റീസ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കഴിഞ്ഞത്. റീ ജനറോണ്‍ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് കോവിഡ് 19 വാക്‌സിന്‍ (മോണോ ക്ലോനല്‍ ആന്റിബോഡി) വികസിപ്പിച്ചെടുത്തത്.