വിവാഹത്തിന്റെ നാലാം ദിനം നവദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഫ്‌ളോറിഡ: മധുവിധു ആഘോഷിക്കാന്‍ തുടങ്ങും മുന്‍പെ യുവദമ്പതികളെ മരണം തട്ടിയെടുത്തു. ഒക്ടോബര്‍ ഒന്നിന് വിവാഹിതരായ യുവ പൈലറ്റ് (യുണൈറ്റഡ് എയര്‍ലൈന്‍സ്) കോസ്റ്റാസ് ജോണ്‍ (30), ലിന്‍ഡ്‌സി വോഗിലാര്‍ (33) എന്നിവരാണ് സ്വകാര്യ വിമാനം പറപ്പിക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ടു മരിച്ചത്. ഒക്ടോബര്‍ നാലിന് കൊളറാഡൊ സാന്‍വാന്‍ മലനിരകളില്‍ തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നും ഒക്ടോബര്‍ 5 ചൊവ്വാഴ്ചയാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സാഹസികമായി മധുവിധു ആഘോഷിക്കാന്‍ തെരഞ്ഞെടുത്ത വിമാനയാത്രയുടെ തല്‍സമയ ദൃശ്യങ്ങള്‍ കൂട്ടുകാര്‍ക്ക് ഓണ്‍ലൈനിലൂടെ അയയ്ക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. അപകടകാരണം വ്യക്തമല്ല. യുണൈറ്റഡ് എയര്‍ലൈന്‍ പൈലറ്റും ഫ്‌ളൈറ്റ് ഇന്‍സ്ട്രക്റ്ററും ആയിരുന്ന കോസ്റ്റാസ് ജോണ്‍ ആയിരുന്നു ഈ ചെറുവിമാനവും നിയന്ത്രിച്ചിരുന്നത്. ടെലുറൈഡ് വിമാനത്താവളത്തില്‍ നിന്ന് ഉച്ചക്ക് 12.4ന് പറന്നുയര്‍ന്ന വിമാനം 15 മിനിട്ടുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. ജോണിന്റെ ഭാര്യ ലിന്‍ഡ്‌സിയും എയര്‍ ഇന്‍ഡസ്ട്രിയിലെ ജീവനക്കാരിയാണ്. പരസ്പരം കണ്ടുമുട്ടി വിവാഹിതരായി, ജീവിതം ആരംഭിച്ചു തുടങ്ങിയപ്പോഴെ ഇരുവരേയും മരണം തട്ടിയെടുത്തത് അവിശ്വസനീയമായി തോന്നുവെന്നാണ് ഇരുവരുടേയും കുടുംബാംഗങ്ങള്‍ പ്രതികരിച്ചത്. നാഷണല്‍ എയര്‍പോര്‍ട്ട് അതോറിട്ടി സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചു.