ആറന്മുള എന്‍ജിനീയറിംഗ് കോളജില്‍ 18.58 കോടി രൂപ ചെലവില്‍ അക്കാദമിക് ബ്ലോക്കിന്റെ രണ്ടാം ഘട്ടം പൂര്‍ത്തീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണ വകുപ്പിന് കീഴിലെ ആറന്മുള എന്‍ജിനീയറിംഗ് കോളജില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആന്‍ഡ് അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേപ്പിന്റെ (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍) കീഴിലുള്ള വിവിധ എന്‍ജിനീയറിംഗ് കോളജുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു. ആറന്മുള എന്‍ജിനീയറിംഗ് കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ നൂതന സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വളരെ വലിയ സംഭാവന നല്‍കിയ പ്രസ്ഥാനമാണ് കേപ്പ് (കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍) എന്ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദന്‍ പറഞ്ഞു. കേപ്പിന്റെ ഒന്‍പത് എന്‍ജിനീയറിംഗ് കോളജുകളും എംബിഎ കോളജും അടക്കമുള്ള സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ പ്രൊഫഷണല്‍ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയുള്ള ആത്മാര്‍ഥമായ പരിശ്രമം നടത്തി. സര്‍ക്കാര്‍ സ്‌കൂളുകളിലും അതുപോലുള്ള സ്ഥാപനങ്ങളിലും അടിസ്ഥാന സൗകര്യം സൃഷ്ടിച്ചെടുക്കുന്നതിന് നടപടിയെടുത്തു. കേപ്പിന്റെ സ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി. കേപ്പിന് കീഴിലെ എല്ലാ സ്ഥാപനങ്ങളും ഐ.എസ്.ഒ. സര്‍ട്ടിഫൈഡ് ആയിട്ടുള്ളതാണ്. രണ്ട് കോളജുകള്‍ക്ക് നാക്ക് അക്രഡിറ്റേഷനും നാല് കോളജുകള്‍ക്ക് എന്‍.ബി.എ അക്രഡിറ്റേഷനും ലഭിച്ചു. ഇതെല്ലാം തന്നെ കേപ്പ് കഴിഞ്ഞ നാലര വര്‍ഷക്കാലം നടത്തിയ നല്ല പരിശ്രമങ്ങള്‍ക്ക് ദേശീയതലത്തിലും മറ്റും ലഭിച്ച അംഗീകാരമാണ്. കേപ്പ് രൂപീകരിച്ച ശേഷം ഭൗതിക സാഹചര്യങ്ങളുടെ വികസനകാര്യത്തില്‍ ഇത്രയും പ്രവര്‍ത്തനങ്ങള്‍ നടന്ന മറ്റൊരു കാലഘട്ടവും ഇല്ലെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കും.
ഭാതിക സൗകര്യങ്ങള്‍ ഒരുക്കുന്നത് കൊണ്ടു മാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ച്ച കൈവരിക്കുകയില്ല എന്ന ബോധ്യത്തിലാണ് സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇതിന്റെ ഭാഗമായി അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിനും കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിനും വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി. പ്ലസ്ടു വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് കരിയര്‍ ഗൈഡന്‍സ് വര്‍ക്ക്‌ഷോപ്പുകള്‍ നടത്തി. കേപ്പിലെ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വീസ് കോഴ്‌സുകള്‍ ആരംഭിച്ചു. ഇവയ്ക്ക് പുറമേ മെറിറ്റ് സീറ്റുകളിലെ അഡ്മിഷന്‍ 50 ശതമാനത്തില്‍ നിന്നും 70 ശതമാനം ആയി ഉയര്‍ത്തി. എം.ടെക് ഫീസ് ഘടന പരിഷ്‌കരിച്ചു. ആറന്മുള എന്‍ജിനീയറിംഗ് കോളജില്‍ 18 ക്ലാസ് റൂമുകള്‍, 11 ലാബുകള്‍, 11 സ്റ്റാഫ് റൂമുകള്‍, മൂന്നു സെമിനാര്‍ ഹാളുകള്‍, മൂന്ന് ഓഫീസ് മുറികള്‍, 36 ശുചിമുറികള്‍ ഉള്‍പ്പെടെ വിപുലമായ സമുച്ചയമാണ് ഒരുക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ ശിലാഫലകത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ചു.
കേപ് ഡയറക്ടര്‍ ആര്‍. ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബീഷ്, മുന്‍ എംഎല്‍എ കെ.സി. രാജഗോപാല്‍, പ്രിന്‍സിപ്പല്‍ ഡോ. വി. സജീവ്, സ്വാഗത സംഘം ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, അപ്ലൈഡ് സയന്‍സ് എച്ച്.ഒ.ഡി ഡോ. സി.ബി. അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.