ശബരിമലയില്‍ 300 കോടി രൂപയുടെ പദ്ധതി നടപ്പാക്കും : മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Sabarimala

ശബരിമലയില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ വിപുലമായ പദ്ധതി കിഫ്ബി മുഖേന നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പാ സംഗമത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പമ്പാ വികസനത്തിന് 112 കോടി രൂപയുടെ പദ്ധതിയാണുള്ളത്. 131 കോടി രൂപ സന്നിധാനത്തെ വികസനത്തിനായി ഉപയോഗിക്കും. 49 കോടി രൂപ നിലയ്ക്കല്‍ വികസനത്തിനും എട്ട് കോടി രൂപ എരുമേലി വികസനത്തിനും ഉപയോഗിക്കും. വിവിധ പദ്ധതികളെ സംയോജിപ്പിച്ച് ശബരിമല വികസനത്തിനായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതില്‍ 37 കോടി രൂപ പമ്പാ ശുദ്ധീകരണത്തിനാണ് വിനിയോഗിക്കുക. അടുത്ത സീസണിനു മുന്‍പ് പമ്പയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണും. പമ്പയെ മാലിന്യമുക്തമാക്കുന്നതിനുള്ള വിപുലമായ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ശബരിമലയുടെ കവാടമായി പമ്പയെ മാറ്റുന്നതിനുള്ള യജ്ഞത്തിലാണ് സര്‍ക്കാര്‍. ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനാവശ്യമായ വനഭൂമി വിട്ടുനല്‍കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. വനം വകുപ്പിന്റെ കാര്‍ക്കശ്യത്തില്‍ അയവുവരുത്തണമെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള 26 റോഡുകള്‍ ഉത്സവകാലത്തിനു ഏറെ മുന്‍പ് തന്നെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കിയതായി പമ്പാ സംഗമത്തില്‍ സംസാരിച്ച പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് ഒരുക്കുന്ന റോഡുകള്‍ക്ക് ഏഴുവര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പാക്കും. ഏഴു വര്‍ഷത്തിനുള്ളില്‍ റോഡ് കേടായാല്‍ അത് കോണ്‍ട്രാക്ടര്‍ പരിഹരിക്കണം. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എന്‍ജിനിയര്‍മാര്‍ എസ്റ്റിമേറ്റ് പരിശോധിച്ച് ആവശ്യമായ മാറ്റംവരുത്തിയപ്പോള്‍ തകരാറുകള്‍ കുറഞ്ഞു. റോഡുകളുടെ പരിപാലനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യപ്രാധാന്യമുണ്ടെന്നും മന്ത്രി പറഞ്ഞു.