Friday, March 29, 2024
HomeKeralaശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍

ശബരിമല വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണം : ഗവര്‍ണര്‍

ശബരിമലയിലെ അടിസ്ഥാന സൗകര്യ വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും സന്തുലനം പാലിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. പമ്പ രാമമൂര്‍ത്തി മണ്ഡപത്തില്‍ നടന്ന പമ്പാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയുടെ വികസനത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സമാന സംവിധാനങ്ങളുടെയും അനുമതി നേടുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പ്രവര്‍ത്തിക്കണം. ശബരിമലയിലെ സാഹചര്യം ഉന്നതസ്ഥാനങ്ങളിലുള്ളവര്‍ അറിയേണ്ടതുണ്ട്. ഓരോ വര്‍ഷവും ശബരിമലയിലെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം. പമ്പ ഏറെ മലിനപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ ബോധവത്ക്കരണ പ്രവര്‍ത്തനം നടക്കണം. മണ്ഡല മകരവിളക്ക് സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. മാലിന്യനിര്‍മാര്‍ജനത്തിലും ഏറെ ശ്രദ്ധപുലര്‍ത്തണം. കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി അടക്കമുള്ളവരെ ധരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ടിരുന്നു. ശുചിത്വ പാലനത്തില്‍ കേരളം നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും വെളിയിട വിസര്‍ജനമുക്ത പദ്ധതിയിലെ മുന്നേറ്റത്തെക്കുറിച്ചും ഇരുവരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഒ.ഡി.എഫ് പ്രഖ്യാപനത്തിന് പ്രധാനമന്ത്രി കേരളത്തിലെത്തണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിനെ കണ്ടിരുന്നു. ശബരിമലയുടെ കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ഇവിടേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments