മെറെന്‍ഡ്രൈവില്‍ സദാചാര ഗൂണ്ടായിസം

0
10

മെറെന്‍ഡ്രൈവില്‍ യുവതീയുവാക്കള്‍ക്കു നേരേ ശിവസേനപ്രവര്‍ത്തകരുടെ സദാചാര ഗൂണ്ടായിസം.
വടക്കേ അറ്റത്തുള്ള അബ്‌ദുള്‍കലാം മാര്‍ഗ്‌ വാക്ക്‌വേയില്‍ ഒരുമിച്ചിരുന്നവരെ ചൂരലിന്‌ അടിച്ചോടിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട്‌ നാലിനായിരുന്നു സംഭവം. വിദ്യാര്‍ഥികളായ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ചീത്തവിളിച്ചും മര്‍ദിച്ചും ഓടിക്കുകയായിരുന്നു. കുടചൂടി പ്രേമം അനുവദിക്കില്ലെന്ന്‌ മുദ്രാവാക്യം വിളിച്ചായിരുന്നു ശിവസേനക്കാരുടെ അതിക്രമം. ചൂരലുമായി മൂന്നരയോടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകര്‍ പ്രകടനമായാണ്‌ എത്തിയത്‌. സംഭവത്തില്‍ ആറു പേരെ സെന്‍ട്രല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സംസ്‌ഥാന രാഷ്‌ട്രീയകാര്യ സമിതി ചെയര്‍മാന്‍ ടി. ആര്‍. ദേവന്‍, കെ.വെ. കുഞ്ഞുമോന്‍, കെ.യു. രതീഷ്‌, എ.വി. വിനീഷ്‌, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ഇന്നലെ ഉച്ചയോടെ സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന്‌ ഒരു വനിതാ പോലീസ്‌ അടക്കമുള്ള ഉദ്യോഗസ്‌ഥര്‍ ഇവിടെയെത്തി പതിനഞ്ചോളം കമിതാക്കളെ നീക്കിയിരുന്നു. അവരുടെ മേല്‍വിലാസം എഴുതി വാങ്ങുകയും ചെയ്‌തു. കൊച്ചിയിലെ ഒരു എ.എസ്‌.ഐയുടെ മകനും കാമുകിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്‌കൂള്‍ കട്ട്‌
ചെയ്‌ത്‌ എത്തിയ പതിനാറുകാരിയും സുഹൃത്തും വരെയുണ്ടായിരുന്നു. വീട്ടില്‍ അറിയിക്കുമെന്ന്‌ പോലീസ്‌ പറഞ്ഞതോടെ പെണ്‍കുട്ടികള്‍ പലരും കരഞ്ഞുകൊണ്ടാണ്‌ സ്‌ഥലംവിട്ടത്‌. പോലീസ്‌ മടങ്ങിപ്പോയതിനുശേഷം ഇവിടെ എത്തിയ കമിതാക്കളാണ്‌ ശിവസേനയുടെ ചൂരല്‍ പ്രയോഗത്തിന്‌ ഇരയായത്‌. മേലില്‍ ഇവിടെ കണ്ടുപോകരുതെന്ന്‌ ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. ഭയന്നുപോയ യുവതീയുവാക്കള്‍ അടികൊള്ളാതിരിക്കാന്‍ ഓടി രക്ഷപ്പെട്ടു. കുട്ടികളെ അടിക്കുന്നതു കണ്ട സെന്‍ട്രല്‍ എസ്‌.ഐ: എസ്‌. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ, ശിവസേന പ്രവര്‍ത്തകരെ തടഞ്ഞതുകൊണ്ടാണ്‌ കൂടുതല്‍ അക്രമങ്ങള്‍ ഉണ്ടാകാതിരുന്നത്‌. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ്‌ കേസ്‌. മര്‍ദിച്ചതായി ആരും പരാതി നല്‍കിയിട്ടില്ലെന്ന്‌ സെന്‍ട്രല്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജി പറഞ്ഞു.
മാധ്യമങ്ങളെയടക്കം വിവരമറിയിച്ചശേഷമായിരുന്നു ശിവസേനയുടെ പ്രകടനം. പ്രകടനത്തിനുശേഷം ചേര്‍ന്ന പ്രതിഷേധ യോഗം ടി.ആര്‍. ദേവന്‍ ഉദ്‌ഘാടനം ചെയ്‌തു.

സംഭവവുമായി ബന്ധപ്പെട്ട്‌ എറണാകുളം സെന്‍ട്രല്‍ എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സദാചാര ഗുണ്ടായിസം തടയുന്നതില്‍ വീഴ്‌ച വരുത്തിയതിനാണ്‌ സെന്‍ട്രല്‍ എസ്‌.ഐ: എസ്‌. വിജയശങ്കറെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ടു പോലീസുകാരെ എ.ആര്‍. ക്യാമ്പിലേക്കു സ്‌ഥലംമാറ്റിയതായും സിറ്റി പോലീസ്‌ കമ്മിഷണര്‍ എം.പി. ദിനേശ്‌ പറഞ്ഞു.
പോലീസ്‌ ഗുരുതരമായ വീഴ്‌ച വരുത്തിയെന്ന സ്‌പെഷല്‍ ബ്രാഞ്ച്‌ എ.സി.പി: കെ.വി. വിജയന്റെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ്‌ നടപടി. ശിവസേന അക്രമം നടത്തുമെന്ന്‌ ഇന്നലെ രാവിലെ 11ന്‌ അസിസ്‌റ്റന്റ്‌ കമ്മിഷണര്‍, സെന്‍ട്രല്‍ സി.ഐ, സെന്‍ട്രല്‍ എസ്‌.ഐ. എന്നിവര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു. ശിവസേനയുടെ മാര്‍ച്ച്‌ തടയാനോ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും ചൂരല്‍വടിക്ക്‌ അടിച്ചോടിക്കുന്നതു തടയാനോ സ്‌ഥലത്തുണ്ടായിരുന്ന പോലീസിനു കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.