ആധാർ നിർബന്ധം

പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കുള്ള സൗജന്യ പാചകവാതക കണക്ഷന് (എൽ.പി.ജി) ആധാർ കാർഡ് നിർബന്ധമാക്കി. മേയ് 31നകം ആധാർ രജിസ്ട്രേഷൻ നടത്തിയാൽ മാത്രമേ പദ്ധതിയുടെ ഭാഗമാകുന്നതിന് അപേക്ഷ നൽകാനാവൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. പാചകവാതക സിലിണ്ടറിന്റെ സബ്സിഡി ലഭിക്കുന്നതിന് കഴിഞ്ഞ ഒക്ടോബറിൽ ആധാർ നിർബന്ധമാക്കിയിരുന്നു.

അതേസമയം, അനാഥാലയങ്ങളിലെ അന്തേവാസികൾക്കും ആധാർ നിർബന്ധമാക്കാൻ സർക്കാർ തീരുമാനിച്ചു. രാജ്യത്തെ 900 അനാഥാലയങ്ങളിലെ എല്ലാ അന്തേവാസികളുടെയും ആധാർ രജിസ്ട്രേഷൻ നടത്തുമെന്ന് കേന്ദ്രമന്ത്രി മേനകാഗാന്ധി പറഞ്ഞു. അനാഥാലയങ്ങളിൽ നിന്നു കുട്ടികൾ കാണാതായാൽ അവരെ വേഗത്തിൽ കണ്ടെത്താൻ ആധാർ സഹായിക്കും. ജുവനൈൽ ഹോമുകളിലെ അന്തേവാസികളിലും ആധാർ രജിസ്ട്രേഷൻ നടത്തും. കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിയുടെ ആനുകൂല്യം, ഭോപാൽ ദുരന്ത ബാധിതർക്കുള്ള സഹായം തുടങ്ങിയ പദ്ധതികൾക്കും ആധാർ നിർബന്ധമാക്കിയിട്ടുണ്ട്. സർവശിക്ഷാ അഭിയാൻ, കരാർ തൊഴിലാളി പുനരധിവാസ പദ്ധതി തുടങ്ങി സബ്സിഡിയുമായി ബന്ധപ്പെട്ട 84 പദ്ധതികളാണ് ആധാറുമായി നിലവിൽ ബന്ധിപ്പിച്ചിട്ടുള്ളത്.