ഡ്രൈവറില്ലാത്ത ട്രെയിനുകൾ വിജയകരമായി സർവീസ് നടത്തുന്ന ലണ്ടനിൽ ഇനി ഡ്രൈവറില്ലാത്ത ബസുകളും! ഈ നൂതന സംരംഭത്തിന്റെ പരീക്ഷണ ഓട്ടം ലണ്ടനിലെ O-2 അരീനയ്ക്കു സമീപം വിജയകരമായി പൂർത്തിയാക്കി. മൂന്നാഴ്ചയ്ക്കുള്ളിൽ മറ്റ് നടപടികൾ പൂർത്തിയാക്കി ഈ ഷട്ടിൽ മിനിബസ് സർവീസ് ആരംഭിക്കും.
മണിക്കൂറിൽ 10 മൈൽ വേഗത്തിലോടുന്ന ഷട്ടിൽ ബസ് ഗ്രീനിച്ചിലെ ഒരു റൂട്ടിലാകും സർവീസ് നടത്തുക. ക്ലോക്കുകൾ കണ്ടുപിടിച്ച സർ ജോൺ ഹാരിസന്റെ ഓർമയ്ക്കായി ഹാരി എന്നാണ് ഷട്ടിൽ ബസിന്റെ പേര്. കംപ്യൂട്ടർ നിയന്ത്രിത വാഹനത്തിന് സ്റ്റിയറിങ്ങും ബ്രേക്ക് പെഡലും ഒക്കെയുണ്ടെങ്കിലും ഇവയൊന്നും ഉപയോഗിക്കേണ്ടതില്ല. എന്നാൽ അത്യാവശ്യഘട്ടത്തിൽ ഇതു പ്രവർത്തിപ്പിക്കാൻ ഒരാൾ ബസിലുണ്ടാകും.
‘ഒക്സ്ബോട്ടിക്ക’ എന്ന കമ്പനിയാണ് ഡ്രൈവറില്ലാത്ത ഈ വാഹനം രൂപകൽപന ചെയ്തത്. ദൈനംദിന യാത്രയേക്കാളുപരി ഒരു വിനോദസഞ്ചാര ആകർഷണം എന്ന നിലയിലാകും ബസിന്റെ സർവീസ്. അതുകൊണ്ടാണ് ഒട്ടേറെ വിനോദ സഞ്ചാരികളെത്തുന്ന ഗ്രീനിച്ച് തന്നെ ഇതിന്റെ റൂട്ടായി തെരഞ്ഞെടുത്തതും. കഴിഞ്ഞമാസം നിസാൻ കാർ കമ്പനി ഡ്രൈവറില്ലാത്ത കാറിന്റെ പരീക്ഷണ ഓട്ടം ലണ്ടനിലെ ബക്റ്റണിൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു.