ഓണ്‍ലൈന്‍ വ്യാപാര രംഗത്തെ പ്രമുഖ കമ്പനിയായ സ്‌നാപ്ഡീലിന്‍റെ സി.ഇ.ഒ കുനാല്‍ ബാലിനെതിരെ വഞ്ചനക്കേസ്. ബംഗളൂരുവിലെ കോടതിയാണ് കുനാലിതിരെ വഞ്ചനക്കേസ് ചുമത്താന്‍ ഉത്തരവിട്ടത്. സ്റ്റെയിന്‍സ്റ്റല്ല സഹസ്ഥാപകന്‍ വഞ്ചനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖ ഇന്ത്യന്‍ കമ്പനിയുടെ സി.ഇ.ഒ കൂടി സമാനമായ കേസില്‍ പ്രതിയാവുന്നത്.
ബംഗളൂരു ഫാഷന്‍ വീക്കുമായി ബന്ധപ്പെട്ട് നഗരത്തിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് സ്‌നാപ്ഡീല്‍ മൂന്ന് വര്‍ഷത്തെ കരാര്‍ നല്‍കിയിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്‌നാപ്ഡീല്‍ കരാറില്‍ നിന്ന് പിന്‍മാറിയെന്ന് കാണിച്ച് കമ്പനി കോടതിയെ സമീപിക്കുകയായിരുന്നു.
ഈ പരാതിയിലാണ് കേസെടുക്കാന്‍ കോടതിയുടെ ഉത്തരവ്.കേസിനെക്കുറിച്ച് വിശദമായി പഠിച്ചശേഷം ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് സ്‌നാപ്ഡീല്‍ അറിയിച്ചു. ഇന്ത്യയിലെ മറ്റൊരു ഓണ്‍ലൈന്‍ റീടെയിലറായ ഫ്‌ലിപ്കാര്‍ട്ടുമായി ലയിക്കാനുള്ള ശ്രമത്തിലാണ് സ്‌നാപ്ഡീല്‍.