മെക്കാനിക്കല്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആര്‍ഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്
ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടതുമൂലം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരിലുള്ള മാനേജ്‌മെന്റിന്റെ പീഡനങ്ങളെത്തുടര്‍ന്ന് കായംകുളം വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് എഞ്ചിനീയറിങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.
കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആര്‍ഷ് ആണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. നെഹ്രു കോളേജിനേക്കാള്‍ ഭീകരമായ ഇടിമുറി ഈ കോളജില്‍ ഉണ്ടെന്ന് നേരത്തേ വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.
ഹോസ്റ്റലിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടതുമൂലം പുറത്തുപോയി ഭക്ഷണം കഴിച്ചതിന്റെ പേരില്‍ കോളേജ് അധികൃതര്‍ ആര്‍ഷിനെതിരെ നടപടി എടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഹോസ്റ്റല്‍ മുറി ഒഴിയാനാവശ്യപ്പെട്ടതായും സഹപാഠികള്‍ ആരോപിച്ചു .ഇതേ തുടര്‍ന്ന് മാനസികമായി തകര്‍ന്നാണ് ആര്‍ഷ് കടുംകൈയ്ക്ക് മുതിര്‍ന്നതത്രേ. കൈയിലെ ഞരമ്പുമുറിച്ചശേഷം തൂങ്ങിമരിക്കാന്‍ ശ്രമിച്ച ആര്‍ഷിനെ സഹപാഠികള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഐ ക്വിറ്റ് എന്നെഴുതിയ ആത്മഹത്യാ കുറിപ്പും വിദ്യാര്‍ഥിയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ എസ്.എഫ്.ഐ കായംകുളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോളേജിലേക്ക് നടത്തിയ പ്രകടനം അക്രമാസക്തമായി. പ്രവര്‍ത്തകര്‍ കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും അടിച്ചുതകര്‍ത്തു. കോളജിലേക്ക്് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് കല്ലേറും നടത്തി.