വസ്ത്രമഴിച്ച് പരിശോധിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് മുഖ്യമന്ത്രി

നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥികളുടെ മാനസിക നിലയെ തര്‍ക്കുന്ന നടപടിയാണ് നടന്നത്. വസ്ത്രമഴിച്ച് പരിശോധിച്ചത് മനുഷ്യാവകാശ ലംഘനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരിഷ്‌കൃത സമൂഹത്തിന് ഇത്തരം നടപടി ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നീറ്റ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ചില പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

വിദ്യാര്‍ത്ഥീവിദ്യാര്‍ത്ഥിനികളുടെ വേഷവിധാനങ്ങളില്‍ നിര്‍ബന്ധിതമാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദേശിച്ചതുമുതല്‍ പെണ്‍കുട്ടികളുടെ ആഭരണങ്ങളും മറ്റും ഒഴിവാക്കുവാന്‍ നിര്‍ബന്ധിച്ചതും ഒക്കെ അതില്‍ പെടും. മുഴുക്കയ്യന്‍ ഷര്‍ട്ട് ധരിച്ച കുട്ടികളില്‍ പലര്‍ക്കും ഷര്‍ട്ടിന്റെ കൈ മുറിച്ച് പ്രശ്‌നം പരിഹരിക്കേണ്ടി വന്നു.

പെണ്‍കുട്ടികള്‍ക്ക് അവരുടെ ചുരിദാറിന്റെ കൈ മുറിക്കേണ്ടിയും ആഭരണങ്ങളും മറ്റും ഊരി മാറ്റേണ്ടിയും വന്നു. അതിനും പുറമേ അടിവസ്ത്രങ്ങളിലെ ലോഹഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്നയിടം വരെ കാര്യങ്ങളെത്തിയെന്നാണ് മനസ്സിലാക്കുന്നത്. ശരിയാണെങ്കില്‍, ഇത് കടുത്ത മനുഷ്യാവകാശലംഘനമാണ്.
പരീക്ഷയെഴുതുവാന്‍ തയ്യാറായി വരുന്ന കുട്ടികളുടെ മാനസികനിലയെ പോലും തകര്‍ക്കുന്നവിധത്തിലാണ് ഇത്തരം നിയന്ത്രണങ്ങള്‍ അടിച്ചേല്പിക്കപ്പെടുന്നത്. ഒരു പരിഷ്‌കൃതസമൂഹത്തിന് ഒരു തരത്തിലും അംഗീകരിക്കുവാനാകാത്ത ജുഗുപ്‌സാവഹമായ ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുവാന്‍ പാടില്ല.