കേജ്‌രിവാളിനെതിരെ കൈക്കൂലി ആരോപിച്ചു മിശ്ര നല്‍കിയ പരാതി ഗവര്‍ണര്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി

kejariwal

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ കൈക്കൂലി ആരോപിച്ചു മുൻമന്ത്രി കപില്‍ മിശ്ര നല്‍കിയ പരാതി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി. ആരോപണം ഉന്നയിച്ച മിശ്രയെ ആം ആദ്മി പാർട്ടി സസ്പെൻഡ് ചെയ്തു. അതേസമയം കേജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് തനിക്കെതിരെ വധഭീഷണിയുണ്ടെന്ന് മിശ്ര പറഞ്ഞു. കേജ്‌രിവാളിനെതിരെ ചൊവ്വാഴ്ച സിബിഐക്കും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മുഖ്യമന്ത്രിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് മിശ്ര ആന്റി കറപ്ഷൻ ബ്യുറോക്ക് മുൻപാകെ ആവശ്യമുന്നയിച്ചു . ആരോപണങ്ങൾക്ക് ശേഷം ആദ്യമായി കേജ്‍രിവാൾ സത്യം ജയിക്കുമെന്ന് ട്വീറ്റ് ചെയ്തു പരോക്ഷമായി പ്രതികരിച്ചു.

എന്തുവന്നാലും പാര്‍ട്ടിവിട്ട് ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും ധൈര്യമുണ്ടെങ്കിൽ പാർട്ടിയിൽ നിന്നും പുറത്താക്കട്ടെ എന്നും കപില്‍ മിശ്ര വെല്ലുവിളിച്ചു. എല്ലാ മന്ത്രിമാരുടെയും ഫയലുകൾ പുറത്തുവിടും. തീരുമാനങ്ങൾ ടെൻഡറുകൾ എല്ലാം പുറത്തുവിടും. ആര് പാർട്ടിവിടണം ആര് തുടരണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും മിശ്ര പറഞ്ഞു.

മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട കപില്‍ മിശ്രയുടെ അഴിമതി ആരോപണത്തില്‍ പ്രതിരോധത്തിലായ കേജ്‌രിവാളിന് ഇരട്ടപ്രഹരം നല്‍കുന്നതാണ് ലഫ്റ്റനന്‍റ് ഗവര്‍ണറുടെ ഇടപെടല്‍. കപില്‍ മിശ്രയുടെ പരാതിയില്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ അഴിമതി വിരുദ്ധ വിഭാഗത്തോട് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് കേജ്‌രിവാള്‍ രണ്ടുകോടി കോഴവാങ്ങിയെന്ന് കപില്‍ മിശ്ര എസിബിയ്ക്ക് മുൻപാകെ ആവര്‍ത്തിച്ചു. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം പറയുന്നു.

ഇതുസംബന്ധിച്ച തെളിവുകളും അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറി. ടാങ്കര്‍ അഴിമതിയില്‍ കേജ്‌രിവാളിന്‍റെ വിശ്വസ്തരായ അശിഷ് തല്‍വാര്‍, വിഭവ് പട്ടേല്‍ എന്നിവര്‍ക്ക് പങ്കുള്ളതായും കപില്‍ മിശ്ര പറയുന്നു. കൂടാതെ കേജ്‍രിവാളിന്റെ ഭാര്യസഹോദരന് വേണ്ടി 50 കോടി വിലമതിക്കുന്ന ഏഴ് ഏക്കര്‍ വരുന്ന ഫാം ഹൗസ് തരപ്പെടുത്തി കൊടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് സത്യേന്ദ്ര ജെയ്ന്‍ തന്നോട് പറഞ്ഞു എന്ന പുതിയ വെളിപ്പെടുത്തലും കപില്‍ മിശ്ര ഇന്ന് നടത്തി. പഴയ കേജ്‍രിവാളല്ല ഇപ്പോഴുള്ളത് മറിച്ചു അഴിമതിക്കാരനായ കേജ്‍രിവാളാണ്. അതേസമയം കേജ്‌രിവാള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കി.