മാതാപിതാക്കളില്‍ ‘ശുദ്ധീകരണ പ്രക്രിയ’ നടത്തി ‘വെളുത്ത് സൌന്ദര്യമുള്ള ഉത്തമ സന്താനങ്ങളെ’ സൃഷ്ടിക്കാമെന്ന് ആര്‍എസ്എസ്

rss

മാതാപിതാക്കളില്‍ ‘ശുദ്ധീകരണ പ്രക്രിയ’ നടത്തി ‘വെളുത്ത് സൌന്ദര്യമുള്ള ഉത്തമ സന്താനങ്ങളെ’ സൃഷ്ടിക്കാമെന്ന് ആര്‍എസ്എസ്. സംഘപരിവാറിന്റെ ആരോഗ്യഭാരതി തയ്യാറാക്കിയ പദ്ധതിയില്‍ ‘വംശശുദ്ധിയുള്ള സന്താനങ്ങളെ സൃഷ്ടിക്കാന്‍’ നാസി ആശയങ്ങൾ! ഇത്തരത്തിലുള്ള 450 കുട്ടികള്‍ ജനിച്ചുകഴിഞ്ഞെന്ന് സംഘടന അവകാശപ്പെടുന്നു. ഈ ലക്ഷ്യത്തോടെ മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് എല്ലാ സംസ്ഥാനത്തും ‘ഗര്‍ഭവിജ്ഞാന്‍ അനുസന്ധാന്‍ കേന്ദ്ര’ങ്ങള്‍ സ്ഥാപിക്കും.

ഉത്തമസന്താനങ്ങളിലൂടെ ശക്തമായ രാജ്യം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് സംഘടനയുടെ ദേശീയ കണ്‍വീനര്‍ ഡോ. കരിഷ്മ മോഹന്‍ദാസ് കര്‍വാനി പറഞ്ഞു. ജര്‍മനിയില്‍നിന്നാണ് ഈ ആശയം ഉള്‍ക്കൊണ്ടത്. ഇന്ത്യയില്‍ പത്തുവര്‍ഷംമുമ്പ് ഗുജറാത്തില്‍ ആരംഭിച്ച ഈ പദ്ധതി 2015ലാണ് രാജ്യവ്യാപകമാക്കിയത്. 2020ഓടെ ‘വംശമേന്മയുള്ള’ ആയിരക്കണക്കിന് കുട്ടികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നാണ് അവകാശവാദം.

‘ശരിയായ നടപടിക്രമങ്ങളിലൂടെ കടന്നുപോയാല്‍, ഇരുണ്ട നിറമുള്ള മാതാപിതാക്കള്‍ക്കും വെളുത്ത ശിശുവിനെ ജനിപ്പിക്കാന്‍ കഴിയും. ഉയരം കുറഞ്ഞവര്‍ക്കും മികച്ച ഉയരമുള്ള കുട്ടികളെ ലഭിക്കും. ബുദ്ധിശക്തി കുറവായ മാതാപിതാക്കള്‍ക്ക് ഉയര്‍ന്നബുദ്ധിശേഷിയുള്ള കുഞ്ഞുങ്ങളെ ലഭിക്കും. ഇതിനുള്ള വിധികള്‍ ഹിന്ദുശാസ്ത്രത്തില്‍ പറഞ്ഞിട്ടുണ്ട്’- കര്‍വാനി അവകാശപ്പെട്ടു.
ദമ്പതികള്‍ മൂന്നുമാസത്തെ ശുദ്ധീകരണപ്രക്രിയയിലൂടെ കടന്നുപോകണം. തുടര്‍ന്ന് പ്രത്യേക മുഹൂര്‍ത്തത്തില്‍ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടണം. ഗര്‍ഭം ധരിച്ചാല്‍ ശാരീരികബന്ധം പാടില്ല. നിശ്ചയിച്ച ഭക്ഷണം മാത്രം കഴിക്കണം- ഇതൊക്കെയാണ് ഉത്തമസന്താനങ്ങളെ ലഭിക്കാനുള്ള മാര്‍ഗമായി ആരോഗ്യഭാരതി നിഷ്കര്‍ഷിക്കുന്നത്. രാജ്യത്തെ വിവിധ പട്ടണങ്ങളില്‍ ആരോഗ്യഭാരതി സെമിനാറുകളും ശില്‍പ്പശാലകളും നടത്തിവരികയാണ്. 30 വര്‍ഷമായി ആര്‍എസ്എസ് പ്രചാരകായി പ്രവര്‍ത്തിക്കുന്ന ഡോ. അശോക് കുമാര്‍ വര്‍ഷ്ണിയാണ് ആരോഗ്യഭാരതിയുടെ ഓര്‍ഗനൈസിങ് സെക്രട്ടറി. 40 വര്‍ഷംമുമ്പ് ജര്‍മനിയില്‍നിന്നാണ് ആര്‍എസ്എസ് പ്രചാരകിന് ഈ ആശയം ലഭിച്ചതെന്ന് വര്‍ഷ്ണി പറയുന്നു. ഗര്‍ഭിണികള്‍ ശ്ളോകങ്ങളും മന്ത്രങ്ങളും ഉരുവിട്ടുകഴിഞ്ഞാല്‍ പ്രസവവേദന ഉണ്ടാകില്ലെന്നും കുഞ്ഞിന് 300 ഗ്രാം തൂക്കം കൂടുതലായിരിക്കുമെന്നും വര്‍ഷ്ണി അവകാശപ്പെടുന്നു.