മരം ഒരു വരം, നാളേയ്ക്കൊരു തണൽ; ആന്ധ്രയിൽ ഒരു എംഎൽ എ എന്താണ് ചെയ്തതെന്ന് അറിയണം

tree

മരം ഒരു വരം, നാളേയ്ക്കൊരു തണൽ. അങ്ങനെ വെറുതെ പറഞ്ഞിട്ട് കാര്യമില്ല , സംരക്ഷിക്കാനുള്ള മനസ്സും വേണം. പരിസ്ഥിതി വാക്കുകളിലും പ്രസംഗത്തിലും ലേഖനങ്ങളിലും മാത്രം ഒതുങ്ങുമ്പോൾ ; ആന്ധ്രയിൽ ഒരു എംഎൽ എ എന്താണ് ചെയ്തതെന്ന് അറിയണം. ദേശീയപാത വികസനത്തിനായി മരം മുറിക്കേണ്ടി വരുമെന്നായപ്പോൾ ; മരം അതുപോലെ പറിച്ചെടുത്ത് മാറ്റി നട്ടാണ് പെനമലരു എം.എൽ എയായ ബോധെ പ്രസാദ് മാതൃക പുരുഷനായത്. നാല് ആൽ മരങ്ങളാണ് സ്വന്തം ചിലവിൽ മാന്തിയെടുത്ത് ക്രെയിൻ ഉപയോഗിച്ച് വലിയ ലോറിയിൽ തടിഗഡപ്പ പാലത്തിന് സമീപം കൊണ്ടുപോയി വീണ്ടും നട്ടുപിടിപ്പിച്ചത്.

വിജയവാഡ-മച്ചിലിപ്പട്ടണം ദേശീയപാതയുടെ സമീപത്തായിരുന്നു ഈ നാല് മരങ്ങളും നിന്നിരുന്നത്. നാട്ടുകാരും പോലീസും മരംമാറ്റി നടുന്നതിനു പങ്കാളികളായി. നാലടി താഴ്ചയിൽ ചുറ്റം മണ്ണ് നീക്കി മരം പറിച്ചെടുത്താണ് നീക്കിയത്. വേരുകൾ അധികം മുറിയാതെ പറിച്ചെടുത്തതിനാൽ ഇത് മാറ്റി നട്ടാലും വളരാൻ തടസ്സമുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

കുഞ്ഞുനാൾ മുതൽ ഞാൻ കാണുന്നതാണ് ഈ മരങ്ങൾ അതിന് കോടാലി വെക്കാൻ മനസ്സ് വന്നില്ല-അദ്ദേഹം പറയുന്നു. അധികൃതർ രണ്ടാമതൊന്ന് ആലോചിക്കാതെ മരങ്ങൾ കൂട്ടമായി വെട്ടിമാറ്റുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു പേരാൽ , ഉങ്ങ് തുടങ്ങിയ മരങ്ങൾ കുറച്ച് വേര് ബാക്കിയുണ്ടെങ്കിലും വീണ്ടും വളരും.
റോഡ് വികസനത്തിന്റെ ഭാഗമായി ആയിരക്കണക്കിന് മരങ്ങളാണ് ഇവിടെ മുറിച്ചുമാറ്റിയത്. എം. എൽ. എ മുൻ കൈ എടുത്ത് മാറ്റി സ്ഥാപിച്ച മരങ്ങളും മുറിക്കാനായി ഉദ്ദേശിച്ചിരുന്നവയാണ്.
ഒരു ലക്ഷം രൂപ സ്വന്തം പോക്കറ്റിൽ നിന്ന് ചിലവഴിച്ചാണ് ബോഡെ പ്രസാദ് മരത്തോടുള്ള സ്നേഹം തെളിയിച്ചത്. മരങ്ങൾ വെട്ടിക്കളയുന്നതിന് മുമ്പ് അത് മാറ്റി നടാനുള്ള താത്പര്യമുണ്ടായാൽ മതി. അത് തന്നെ വലിയ കാര്യമാണ്. സാങ്കേതിക വിദ്യ ഏറെ വികസിച്ച ഈ കാലത്ത് മരങ്ങൾ മാറ്റിനടുന്നത് അത്ര ബുദ്ധിമുട്ടല്ലെന്നും അദ്ദേഹം പറയുന്നു.