ഹോസ്റ്റലിൽനിന്നുള്ള സഹപാഠികളുടെ ചിത്രങ്ങൾ പ്രിൻസിപ്പലിന് അയച്ചുകൊടുത്തുവെന്ന പരാതിയെത്തുടർന്ന് ഈസ്റ്റ്ഹിൽ ഗവ. കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷനിൽ രണ്ടാംവർഷ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചു. തേൻറതുൾപ്പെടെ പല പെൺകുട്ടികളുടെയും ചിത്രങ്ങൾ വിദ്യാർഥിനി പ്രിൻസിപ്പലിന്റെ ചുമതലയുള്ള അധ്യാപകന് വാട്സ്ആപ്പിൽ അയച്ചുകൊടുത്തെന്ന പരാതിയുമായി സഹപാഠിയും അതേ മുറിയിലെ താമസക്കാരിയുമായ പെൺകുട്ടിയും രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ എസ്.എസ്. അഭിലാഷിനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. കൈഞരമ്പ് മുറിച്ച ഇൻറഗ്രേറ്റഡ് ബി.പിഎഡ് വിദ്യാർഥിനി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച ഉച്ചയോടെയാണ് ഈസ്റ്റ്ഹില്ലിലെ ഫിസിക്കൽ എജുക്കേഷൻ കോളജിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടിയും പ്രിൻസിപ്പലും തമ്മിലുള്ള അശ്ലീല ചാറ്റിങ് പരാതിക്കാരി കാണാനിടയായി. ഒപ്പം താനുൾപ്പെടെ ചില പെൺകുട്ടികൾ ഹോസ്റ്റലിലിരിക്കുന്ന ചിത്രങ്ങൾ ഇയാൾക്കയച്ചതായും ശ്രദ്ധയിൽപെട്ടു. ഇതേത്തുടർന്ന് ഇവർ തന്റെ ഭർത്താവിെന വിളിച്ചുവരുത്തുകയായിരുന്നു. ഇതിനിടയിൽ സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ മറ്റു കുട്ടികളുടെ മൊബൈലിലുമെത്തി.
പരാതിക്കാരിയുടെ ഭർത്താവ് എത്തിയതോടെ പെൺകുട്ടി ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് പരാതിക്കാരി കുഴഞ്ഞുവീണു. തുടർന്ന് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടികളുടെ ഹോസ്റ്റലിൽവെച്ചായിരുന്നു ഈ സംഭവങ്ങൾ. നടക്കാവ് എസ്.ഐ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രിൻസിപലിനെ കസ്റ്റഡിയിലെടുത്തത്. പ്രഥമശുശ്രൂഷക്ക് ശേഷം ആശുപത്രി വിട്ട പെൺകുട്ടിയും ഭർത്താവും അഭിലാഷിനെതിരെയും വിദ്യാർഥിനിക്കെതിരെയും പരാതിനൽകി.