സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ മാനാഞ്ചിറ മുഖ്യശാഖക്കു മുന്നിലെ കാഷ് ഡെപ്പോസിറ്റ് മെഷീൻ (സി.ഡി.എം) തകർത്ത് കവർച്ചശ്രമം. വ്യാഴാഴ്ച്ച പുലർച്ചെ രണ്ടോടെയാണ് സംഭവം. മുഖം മറച്ച മോഷ്ടാവിന്റെ ദൃശ്യം ബാങ്കിന്റെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പുലർച്ചെ രണ്ടിന് ബാങ്കിന്റെ മുറ്റത്തെത്തിയ മോഷ്ടാവ് സി.ഡി.എം കൗണ്ടറിന് മുന്നിലെ കാമറ ഇരുമ്പു പാരകൊണ്ട് തട്ടി ദിശമാറ്റിവെച്ചു.
തുടർന്ന് കൗണ്ടറിന്റെ വാതിൽതുറന്ന് ഉള്ളിൽ കടക്കുകയുംകൈയുറകൾ ധരിച്ചശേഷം ഉള്ളിലെ രണ്ട് കാമറകളുടെയും ദിശ മുകളിലേക്ക് മാറ്റിവെക്കുകയുമായിരുന്നു. പാരകൊണ്ടാണ് രണ്ടു മെഷീനുകളും തകർക്കാനുള്ള ശ്രമം നടത്തിയത്. രണ്ട് മെഷിനുകളുടെയും പണം സൂക്ഷിക്കുന്ന ലോക്കറിനു മുന്നിലെ സ്റ്റീൽ പാളികൾ അടർത്തിയ നിലയിലാണുള്ളത്.
ഡിജിറ്റൽ സുരക്ഷ സംവിധാനമുള്ളതാണ് മെഷീനിലെ പണം സൂക്ഷിക്കുന്ന ലോക്കർ എന്നതിനാൽ ഇത് തുറക്കാൻ മോഷ്ടാവിന് കഴിഞ്ഞില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് പിൻവാങ്ങുകയായിരുന്നുവെന്ന് കരുതുന്നു. സാധാരണ ഗതിയിൽ 40 മുതൽ 50 ലക്ഷം രൂപവരെ സ്ഥിരമായി ഉണ്ടാകുന്ന മെഷീനുകളാണിത്. തടിയും പൊക്കവുമുള്ളയാളാണ് മോഷ്ടാവെന്ന് കാമറ തിരിച്ചുവെക്കുന്നതിനിടയിൽ പതിഞ്ഞ ദൃശ്യത്തിൽ വ്യക്തമാണ്.
നീല ജീൻസും ഫുൾകൈ ഷർട്ടുമാണ് വേഷം. പാൻറിന് മുകളിലായി ചുവന്ന മുണ്ടും ധരിച്ചിട്ടുണ്ട്. ചുവന്ന കള്ളികളുള്ള തോർത്തു മുണ്ടുകൊണ്ടാണ് മുഖം മറച്ചത്. കൂളിങ് ഗ്ലാസും ധരിച്ചിട്ടുണ്ട്. മൂന്ന് സുരക്ഷ ജീവനക്കാരാണ് ഇൗ സമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. രണ്ടുപേർ ബാങ്കിനുള്ളിലും ഒരാൾ പുറത്തും. പുറത്തുള്ളയാൾ സി.ഡി.എം കൗണ്ടറിനു മുന്നിലാണ് നിൽക്കുകയെങ്കിലും ബാങ്കിന്റെ പിൻവശത്തുള്ള എ.ടി.എം കൗണ്ടറുകളും ഇദ്ദേഹത്തിന് ശ്രദ്ധിക്കേണ്ടതുണ്ട്.
ഇദ്ദേഹം പുറകുവശത്തേക്ക് പോയപ്പോഴാണ് മോഷ്ടാവ് കൗണ്ടറിനുള്ളിലെത്തിയത് എന്നാണ് സൂചന. മോഷ്ടാവ് എത്തിയതിന് തൊട്ടുമുമ്പായി 1.40ന് ടൗൺ പോലീസും 1.55ന് കൺട്രോൾ റൂമിലെ ഫ്ലയിങ് സ്ക്വാഡും ബാങ്കിലെത്തി ബീറ്റ് ബുക്കിൽ ഒപ്പുവെച്ചിട്ടുണ്ട്. പുലർച്ചെ അഞ്ചോടെയാണ് മോഷണവിവരം പുറത്തെ സെക്യൂരിറ്റിക്കാരന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇദ്ദേഹം ബാങ്കിനുള്ളിലെ ജീവനക്കാർ മുഖേന പൊലീസിൽ അറിയിക്കുകയായിരുന്നു.
ഡെപ്യൂട്ടി കമീഷണർ പി.ബി. രാജീവ്, സൗത്ത് അസി. കമീഷണർ വി.കെ. അബ്ദുൽ റസാഖ്, എസ്.െഎ.മാരായ പി. മുരളീധരൻ, വി.കെ. ശ്യാംജിത്ത്, വിരലടയാള വിദഗ്ധരായ പി. ദിനേശ്, വി.പി. കരീം, എ.വി. ശ്രീജയ, ഫോറൻസിക് വിഭാഗത്തിലെ സയൻറിഫിക് ഒാഫിസർ വി. വിനീത് എന്നിവർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ടൗൺ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.