ഇന്ധനവില ഇനിമുതല്‍ എല്ലാ ദിവസവും പുതുക്കാൻ തീരുമാനം

petrol

രാജ്യത്ത് ഇന്ധനവില ഇനിമുതല്‍ എല്ലാ ദിവസവും പുതുക്കാൻ പൊതുമേഖലാ എണ്ണകമ്പനികളുടെ തീരുമാനിച്ചു. ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി ഈ രീതി നിലവിൽ വരും. കഴിഞ്ഞ മാസം പരീക്ഷണാടിസ്ഥാനത്തിൽ അഞ്ചു നഗരങ്ങളിൽ ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഇക്കഴിഞ്ഞ മേയ് ഒന്നുമുതലാണ് പരീക്ഷണാടിസ്ഥാനത്തിൽ രാജ്യത്ത് അഞ്ച് നഗരങ്ങളിൽ ദിവസേന എണ്ണവില പുതുക്കി പരീക്ഷിച്ചത്. വിശാഖപട്ടണം, പുതുച്ചേരി, ജംഷ്ഡ്പൂർ, ചണ്ഡീഗഢ്, ഉദയ്പൂർ എന്നീ നഗരങ്ങളിലാണ് ഇതു നടപ്പാക്കിയത്. രണ്ടാഴ്ച കൂടുമ്പോൾ എണ്ണവില പുതുക്കുന്ന രീതിയാണ് രാജ്യത്ത് നിലവിലുണ്ടായിരുന്നത്. എന്നാൽ ആഗോള വിപണിയിലെല്ലാം എണ്ണവില ദിനംപ്രതി പുതുക്കുന്ന രീതിയാണ് നിലവിലുള്ളത്.