ഉത്തര്‍പ്രദേശില്‍ ആംബുലന്‍സ് ലഭിക്കാഞ്ഞത് മൂലം മൃതദേഹം കൊണ്ട് പോയത് തുറന്ന റിക്ഷയില്‍. റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ട മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി തുറന്ന റിക്ഷയില്‍ കൊണ്ടുപോയത്. സര്‍ക്കാര്‍ അധികാരികളോടും റെയില്‍വേ പൊലീസിനോടും ആംബുലന്‍സ് അനുവദിക്കാന്‍ അപേക്ഷിച്ചിട്ടും ഇതു ലഭിച്ചില്ലെന്നു മരിച്ചയാളുടെ ബന്ധുക്കള്‍ പറഞ്ഞു.
റെയില്‍വേ സ്റ്റേഷനു സമീപമുള്ള ട്രാക്കിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിന് ആംബുല്‍സിനായി വിവിധ ആശുപത്രികളെ ബന്ധപ്പെട്ടെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചില്ലെന്ന് പൊലീസ് പറയുന്നു. രാമസര്‍ എന്ന വ്യക്തിയാണ് മരിച്ചതെന്ന് പരിശോധനയില്‍ കണ്ടെത്തി. ആശുപത്രിയിലേക്കു പോയ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ യാത്രചെയ്തതും ഈ റിക്ഷയിലാണ്. മൃതദേഹം കൊണ്ടുപോകാന്‍ മറ്റുമാര്‍ഗങ്ങളില്ലെന്നു പറഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥര്‍ തന്നെയാണ് ഈ റിക്ഷയില്‍ പോയത്.
ആംബുലന്‍സ് ലഭിക്കാത്തതിനാല്‍ തുറന്ന റിക്ഷയില്‍ മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍, പൊലീസ് ലൈന്‍ തുടങ്ങി വിഐപി നിലവാരം ഉള്ളവര്‍ താമസിക്കുന്ന സ്ഥലത്തൂടെയാണ് പോയതെങ്കിലും ഒരുകൈ സഹായത്തിന് ആരും എത്തിയില്ലെന്നും ബന്ധുക്കള്‍ വിഷമത്തോടെ പറഞ്ഞു.