കാളയെ വാങ്ങാൻ പണമില്ലാത്തതിനാൽ മധ്യപ്രദേശിൽ കർഷകൻ സ്വന്തം പെൺമക്കളെ ഉപയോഗിച്ച്​ നിലമുഴുതു (video)

0
22


കാർഷികാവശ്യങ്ങൾക്കായി കാളയെ വാങ്ങാൻ പണമില്ലാത്തതിനാൽ മധ്യപ്രദേശിൽ കർഷകൻ സ്വന്തം പെൺമക്കളെ ഉപയോഗിച്ച്​ നിലമുഴുതു. മധ്യപ്രദേശ്​ മുഖ്യമന്ത്രി ശിവരാജ്​ ചൗഹാ​ന്റെ സ്വദേശമായ സൊഹോറിലാണ്​ കർഷകൻ കാളകള്‍ക്ക് പകരം സ്വന്തം പെണ്‍മക്കളെ ഉപയോഗിച്ച് നിലമൊരുക്കിയത്​. സെഹോറിലെ ബസന്ത്പുര്‍ പാന്‍ഗ്രി ഗ്രാമത്തിലെ കര്‍ഷകനായ സര്‍ദാര്‍ ബറേല ​ മക്കളായ രാധിക (14), കുന്തി (11) എന്നിവരെ ഉപയോഗിച്ച് നിലമുഴുതുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്​. വാര്‍ത്താ ഏജന്‍സിയാണ് കര്‍ഷക ദുരിതത്തെ വിളിച്ചു പറയുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടത്.

കാര്‍ഷികാവശ്യത്തിനായി കാളകളെ വാങ്ങുന്നതിനോ വളര്‍ത്തുന്നതിനോ ഉള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് സര്‍ദാര്‍ ബറേല പറയുന്നു. രണ്ട് കുട്ടികളെ സ്​കൂളിലയക്കാനുള്ള പണമില്ലാത്തതിനാൽ അവരുടെ പഠനം നിര്‍ത്തേണ്ടിവന്നു. മൂത്തമകളെ എട്ടാംക്​ളാസുവരെ പഠിപ്പിച്ചെന്നും ദരിദ്ര്യം മൂലം അവരുടെ പഠനം അവസാനിപ്പിക്കേണ്ടി വരിയാണുണ്ടായതെന്നും ബറേല വ്യക്തമാക്കി.

വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സര്‍ദാര്‍ ബറേലയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കുമെന്നും സര്‍ക്കാര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.

കൃഷിനാശവും കാര്‍ഷികോല്‍പന്നങ്ങളുടെ വിലയിടിവും മൂലം മധ്യപ്രദേശില്‍ നിരവധി കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് മന്ത്​സൗറില്‍ നടത്തിയ കാര്‍ഷിക പ്രക്ഷോഭം സംഘർഷത്തിൽ കലാശിക്കുകയും പൊലീസ് വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്​തിരുന്നു.