Friday, October 4, 2024
HomeKeralaനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നിൽ സിനിമ പ്രവർത്തകന്റെ ഗൂഢാലോചന

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് പിന്നിൽ സിനിമ പ്രവർത്തകന്റെ ഗൂഢാലോചന

നടിയെ തട്ടിക്കൊണ്ടുപോയി  ആക്രമിച്ച കേസില്‍ ഗൂഢാലോചന നടത്തിയ സിനിമാപ്രവര്‍ത്തകനെപ്പറ്റി അന്വേഷണ സംഘത്തിനു വ്യക്‌തമായ സൂചനകള്‍ ലഭിച്ചതായി വിവരം. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം മാത്രം ഇയാളെ ചോദ്യം ചെയ്‌ത്‌ അറസ്‌റ്റ്‌ ചെയ്യും. കേസുമായി ബന്ധപ്പെട്ട ചിലരെ രഹസ്യകേന്ദ്രത്തിലേക്ക്‌ വിളിച്ചുവരുത്തി ചോദ്യംചെയ്‌തു. ഇങ്ങനെ വിട്ടയയ്‌ക്കുന്നവരെ പിന്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കാതിരിക്കാനായിരുന്നു രഹസ്യമായി തെളിവെടുത്തത്‌.

നേരത്തേ ആക്രമണത്തിന്‌ ഇരയാകുമ്പോള്‍ നടി അഭിനയിച്ച സിനിമയിലെ പ്രമുഖരെക്കുറിച്ച്‌ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷിച്ചില്ല. അന്നു നടി സിനിമാ സെറ്റില്‍ തര്‍ക്കങ്ങള്‍ ഉണ്ടാക്കിയിരുന്നോ എന്നതു സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്‌. പള്‍സര്‍ സുനിയെ സെറ്റിലേക്കെത്തിച്ചത്‌ എന്തിനാണെന്ന വിവരവും പരിശോധിക്കുന്നുണ്ട്‌.

കഴിഞ്ഞദിവസം അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന ഐ.ജി: ദിനേശ്‌ കശ്യപിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രഹസ്യമായി ചോദ്യംചെയ്യുന്നതു സംബന്ധിച്ചു ധാരണയായിരുന്നു. ചോദ്യംചെയ്യലിനു വിളിപ്പിക്കുന്നവരെ പ്രതിയാക്കുന്ന തരത്തില്‍ വാര്‍ത്ത വരുന്നുണ്ടെന്നതും അന്വേഷണസംഘത്തിലെ ഉദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നടന്‍ ദിലീപ്‌, ഭാര്യയും നടിയുമായ കാവ്യാ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ എന്നിവര്‍ നല്‍കിയ മൊഴികളുമായി ബന്ധപ്പെട്ടവരെ ഇന്നലെ ഇത്തരത്തില്‍ ചോദ്യം ചെയ്‌തതായാണ്‌ വിവരം. സിനിമാരംഗത്തുള്ള ചില പ്രമുഖരുടെ വീടുകളിലെത്തിയും സംഘം ചോദ്യംചെയ്‌തു. കാവ്യയുടെ സ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്നവരെയും ഇത്തരത്തില്‍ ചോദ്യം ചെയ്‌തതായി സൂചനയുണ്ട്‌. നടി മഞ്‌ജു വാര്യരെ ഫ്‌ളാറ്റിലെത്തി ചോദ്യം ചെയ്‌തതായും സൂചനയുണ്ട്‌. ഇതു സംബന്ധിച്ച്‌ പോലീസ്‌ സ്‌ഥിരീകരണമില്ല.

ഇതിനിടെ, ആരോപണവിധേയനായ ദിലീപുമായി അടുത്തബന്ധമുള്ള കൂടുതല്‍പ്പേരില്‍നിന്നു മൊഴിയെടുത്തു. കണ്ണൂര്‍ സ്വദേശിയായ തിയറ്റര്‍ ഉടമ അടക്കമുള്ളവരെയാണ്‌ ആലുവ പോലീസ്‌ ക്ലബില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്‌തത്‌. നടിയെ ആക്രമിച്ചതിനു പിന്നില്‍ റിയല്‍ എസ്‌റ്റേറ്റ്‌ താല്‍പ്പര്യങ്ങളുണ്ടോ എന്നറിയാനാണു ദിലീപിന്റെ ബിസിനസ്‌ പങ്കാളികളില്‍നിന്നു മൊഴിയെടുത്തത്‌. നടിയും ദിലീപും തമ്മില്‍ സ്‌ഥലമിടപാട്‌ സംബന്ധിച്ച തര്‍ക്കങ്ങളുണ്ടെന്ന്‌ ആരോപണമുയര്‍ന്നിരുന്നു.

റിയല്‍ എസ്‌റ്റേറ്റ്‌ പങ്കാളികളെ ഇന്നലെ പല സമയത്താണു വിളിച്ചുവരുത്തിയത്‌. വെള്ളിയാഴ്‌ചയും ചില ബിസിനസ്‌ പങ്കാളികളെയും സുഹൃത്തുക്കളെയും ചോദ്യംചെയ്‌തിരുന്നു. ആലുവ, നെടുമ്പാശേരി മേഖലകളില്‍ ദിലീപ്‌ വ്യാപകമായി റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍ നടത്തിയതായി നേരത്തേ മൊഴി ലഭിച്ചു. ഇതില്‍ പലതും ബിനാമി ഇടപാടുകളായിരുന്നു.

ഇതടക്കമുള്ള കാര്യങ്ങള്‍ മൂലമാണ്‌ കഴിഞ്ഞദിവസം ചോദ്യംചെയ്യല്‍ 13 മണിക്കൂറോളം നീണ്ടത്‌. ആക്രമിക്കപ്പെട്ടശേഷം നടി ചില മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖങ്ങളും അന്വേഷണസംഘം പരിശോധിച്ചു. സിനിമാരംഗത്തുനിന്നു തന്നെ ഒഴിവാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നെന്നു നടി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. നടിയെ ബോധപൂര്‍വം ആരെങ്കിലും ഒഴിവാക്കാന്‍ ശ്രമിച്ചോ, അവര്‍ക്ക്‌ ആക്രമിച്ചതിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടോ തുടങ്ങിയ വിവരങ്ങളാണ്‌ അന്വേഷിക്കുന്നത്‌.

തന്നെ ബ്ലാക്‌മെയില്‍ ചെയ്‌ത്‌ പണംതട്ടാന്‍ ശ്രമിച്ചതിനെക്കുറിച്ച്‌ നടന്‍ ദിലീപും നാദിര്‍ഷായും പോലീസില്‍ പരാതി നല്‍കിയിരുന്നു. ഏപ്രില്‍ ആദ്യവാരമാണ്‌ ജയിലില്‍നിന്ന്‌ പള്‍സര്‍ സുനി നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചതെന്ന്‌ പോലീസ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇതിനുശേഷം ആഴ്‌ചകള്‍ കഴിഞ്ഞാണ്‌ ഇവര്‍ പരാതി നല്‍കിയത്‌. ഇതേക്കുറിച്ച്‌ ദിലീപിന്റെ മൊഴിയെടുത്ത വേളയില്‍ പോലീസ്‌ ചോദിച്ചിരുന്നു. എന്നാല്‍, പള്‍സര്‍ സുനി അടക്കമുള്ളവര്‍ പിന്നീട്‌ നല്‍കിയ മൊഴിയുടെ അടിസ്‌ഥാനത്തില്‍ ഇതേക്കുറിച്ച്‌ കൂടുതല്‍ വ്യക്‌തത വരാന്‍ ദിലീപിനെയും നാദിര്‍ഷായെയും വീണ്ടും ചോദ്യം ചെയ്യും. നടിയെ ആക്രമിച്ചതിനു മുമ്പും പിമ്പും ദിലീപിന്റെ ഫോണിലേക്കു വന്ന കോളുകളും ദിലീപ്‌ വിളിച്ച കോളുകളും പരിശോധിക്കുന്നുണ്ട്‌. ഇതുവരെ ദിലീപിനെ പള്‍സര്‍ സുനിയുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments