കാസര്‍കോട് പാണത്തൂരില്‍ നിന്നും കാണാതായ 4 വയസുകാരി സന ഫാത്തിമയുടെ മൃതദേഹം പവിത്രംകയം പുഴയില്‍ നിന്ന് കണ്ടെത്തി. നാട്ടുകാര്‍ 6 ദിവസമായി തുടരുന്ന തിരച്ചിലിനൊടുവിലാണ് സനയുടെ മൃതദേഹം ലഭിച്ചത്. കുട്ടിയുടെ വീട്ടില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് പുഴ.കഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ കാണാതായത്. വൈകീട്ട് അംഗനവാടിയില്‍ നിന്ന് മടങ്ങിയെത്തിയ സനയെ വീട്ടുമുറ്റത്ത് നിന്ന് പൊടുന്നനെ കാണാതാവുകയായിരുന്നു. സമീപത്തെ ഓവുചാലില്‍ വീണതാകാമെന്നായിരുന്നു സംശയം. ഇതേ തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും സംയുക്തമായി ഓവുചാലിലും പുഴയിലും തിരച്ചില്‍ നടത്തിവരികയായിരുന്നു. നീലേശ്വരത്തുനിന്ന് തീരരക്ഷാസേനാംഗങ്ങളെയുമെത്തിച്ച് തിരച്ചിലില്‍ പങ്കാളികളാക്കി. ദുരന്തനിവാരണ സേനയുടെ സേവനവും ലഭ്യമാക്കിയിരുന്നു. പക്ഷേ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് കേന്ദ്ര ഭൗമശാസ്ത്രപഠന സംഘത്തെയും എത്തിച്ചു. ടണല്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പരിശോധന നടത്താന്‍ ഉപയോഗിക്കുന്ന അണ്ടര്‍ വാട്ടര്‍ സര്‍വയലന്‍സ് ക്യാമറ ഉപയോഗിച്ചായിരുന്നു ഈ സംഘത്തിന്റെ പരിശോധന. ഇതും പുരോഗമിക്കവെയാണ് നാട്ടുകാരുടെ തിരച്ചിലില്‍ പവിത്രംകയം പഴയില്‍ നിന്ന് സനയുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്.
കാണാതായ 4 വയസുകാരി സനയുടെ മൃതദേഹം കണ്ടെത്തി
RELATED ARTICLES