Sunday, October 6, 2024
HomeKeralaറാന്നിയില്‍ സുരക്ഷ സംവിധാനങ്ങളെല്ലാം ക്രമീകരിച്ചതായി രാജു എബ്രഹാം എംഎല്‍എ

റാന്നിയില്‍ സുരക്ഷ സംവിധാനങ്ങളെല്ലാം ക്രമീകരിച്ചതായി രാജു എബ്രഹാം എംഎല്‍എ

നദിയില്‍  ജലനിരപ്പ് ഉയര്‍ന്നാല്‍ ആവശ്യമായ സുരക്ഷ സംവിധാനങ്ങളെല്ലാം ക്രമീകരിച്ചിട്ടുള്ളതായി രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ഥിച്ചതിനേ തുടര്‍ന്ന് എന്‍ഡിആര്‍എഫ് സംഘം റാന്നിയില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, റാന്നി എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണിറ്റുകളും ഉള്‍പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ എട്ട് കുട്ടവഞ്ചികളും വാടി കടപ്പുറത്തു നിന്നും  അഞ്ച് മത്സ്യബന്ധന ബോട്ടുകളും ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
    നദിയിലെ ജലനിരപ്പ് വീക്ഷിക്കുന്നതിന് പ്രത്യേകം ആളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാത്രി ജലനിരപ്പ് ഉയര്‍ന്നാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ നിന്നും ആളുകള്‍  സ്വയം ഒഴിഞ്ഞു പോകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോസ്‌വേ  മുങ്ങി പോയതിനാല്‍ ഒറ്റപ്പെട്ടുപോയ അരയാഞ്ഞിലി മണ്ണ്, കുരുമ്പന്‍മൂഴി എന്നിവിടങ്ങളില്‍ മൂന്ന് ദിവസത്തേക്കുള്ള ഭക്ഷണങ്ങള്‍ കരുതിയിട്ടുണ്ട്. സ്‌കൂളുകളില്‍ ക്യാമ്പുകള്‍ തുടങ്ങാനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതായി എംഎല്‍എ പറഞ്ഞു. റാന്നിയിലെ രണ്ടു പെട്രോള്‍ പമ്പുകള്‍ ആയിരം ലിറ്റര്‍ ഡീസല്‍ വീതം പ്രത്യേകം കരുതിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 വെള്ളപ്പൊക്കം ഉണ്ടായാല്‍ പരമാവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ യുവജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ല്‍ 500ല്‍ അധികം ചെറുപ്പക്കാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രക്ഷാപ്രവര്‍ത്തനത്തിന് ഏറ്റവും കൂടുതല്‍ നേതൃത്വം നല്‍കിയത് യുവജനങ്ങളും ഫയര്‍ഫോഴ്‌സും ആയിരുന്നെന്നും എംഎല്‍എ പറഞ്ഞു.

റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു
ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന പമ്പ ഡാം തുറക്കുന്നതിന് മുന്‍പായി റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചു. പമ്പാ നദിയിലെ ജലനിരപ്പ് ഉയരുന്നതും മണ്ണ് ഇടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടും റാന്നി താലൂക്കില്‍ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 99 കുടുംബങ്ങളിലെ 288 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്.  എന്‍ഡിആര്‍എഫിന്റെ 22 അംഗ ടീം സജ്ജമായി റാന്നിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി കോന്നിയില്‍ നിന്ന് എട്ടു കുട്ടവഞ്ചിയും തുഴച്ചിലുകാരും എത്തിയിട്ടുണ്ട്. കൊല്ലത്തുനിന്ന് മത്സ്യത്തൊഴിലാളികളും അവരുടെ അഞ്ച് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments