നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അനുകൂലമായ പ്രസ്താവന നടത്തിയ കെ.ബി. ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ പോലീസ് രംഗത്ത്. ഗണേഷിന്‍റെ പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനുമാണ്. ജയിലിൽ സിനിമാക്കാർ കൂട്ടമായെത്തിയത് സംശയാസ്പദമാണെന്നും ഇക്കാര്യത്തിൽ കോടതി അടിയന്തരമായി ഇടപെടണമെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി.
ഓണനാളിൽ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിലേക്ക് സിനിമാക്കാരുടെ ഒഴുക്കാണ് ഉണ്ടായിരുന്നത്. അറസ്റ്റ് നടന്നതിനുശേഷം 50 ഓളം ദിവസം മൗനമായിരുന്ന സിനിമാക്കാർ കൂട്ടത്തോടെ ജയിലിലേക്ക് എത്തുന്നത് ദിലീപിനുള്ള പിന്തുണയായി തന്നെയാണ് പോലീസ് കണക്കാക്കുന്നത്. അമ്മയുടെ ഭാരവാഹിയും ഇടതുപക്ഷ പിന്തുണയോടെ വിജയിച്ച എംഎൽഎയുമായ കെ.ബി.ഗണേഷ്കുമാർ ദിലീപിനെ ജയിലിൽ സന്ദർശിച്ച ശേഷമാണ് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തത്.
ദിലീപിന്‍റെ ആനുകൂല്യം പറ്റിയവർ ആപത്ത് കാലത്ത് അയാളെ കൈവിടരുതെന്നാണ് ഗണേഷ് ജയിലിന് പുറത്തു പറഞ്ഞത്. പോലീസുകാർ ചോദ്യം ചെയ്യുമെന്നോ ഫോണ്‍ ചോർത്തുമെന്നോ ഭയന്ന് ദിലീപിനെ ആരും കാണാൻ വരാതിരിക്കരുതെന്നും ദിലീപിനെ അധിക്ഷേപിക്കാൻ നടക്കുന്നവരെ ഭയപ്പെടേണ്ടെന്നും ഗണേഷ് പരസ്യമായി പറഞ്ഞു.