നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പത്ത് ചോദ്യങ്ങളുമായി പാര്‍ലമെന്റ് പാനല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന്റെ നേതൃത്വത്തിലുള്ള പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയാണ് ഊര്‍ജിത് പട്ടേലിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 28ന് പി.എ.സി മുമ്പാകെ ഹാജരാകണമെന്നാണ് ഊര്‍ജിത് പട്ടേലിനോടു നിര്‍ദേശിച്ചിരിക്കുന്നത്. ഡിസംബര്‍ 30നാണ് ഊര്‍ജിത് പട്ടേലിനുള്ള ചോദ്യാവലി അയച്ചിരിക്കുന്നത്. ചോദ്യങ്ങള്‍: 1.കേന്ദ്രമന്ത്രി പിയൂഷ് ഘോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞത് നോട്ടുനിരോധന തീരുമാനം കൈക്കൊണ്ട് ആര്‍.ബി.ഐയും അതിന്റെ ബോര്‍ഡുമാണെന്നാണ്. ഈ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്നും. നിങ്ങള്‍ യോജിക്കുന്നുണ്ടോ? 2. ഈ തീരുമാനം ആര്‍.ബി.ഐയുടേതാണെങ്കില്‍ ഇന്ത്യയുടെ നന്മയ്ക്കുവേണ്ടി നോട്ടുനിരോധിക്കണമെന്ന് കൃത്യമായി എപ്പോഴാണ് ആര്‍.ബി.ഐ തീരുമാനിച്ചത്? 3 ഒരു രാത്രികൊണ്ട് 500രൂപ, 1000രൂപ നോട്ടുകള്‍ നിരോധിച്ച തീരുമാനത്തിനു പിന്നിലെ യഥാര്‍ത്ഥ യുക്തിയെന്താണ്? 4. ഇന്ത്യയില്‍ കള്ളനോട്ട് വെറും 500കോടി രൂപയുടേത് മാത്രമാണെന്നാണ് റിസര്‍വ് ബാങ്ക് തന്നെ കണ്ടെത്തിയത്. ഇന്ത്യയുടെ കാഷ് ജി.ഡി.പി 12% ആണ്. ജപ്പാനും സ്വിറ്റ്‌സര്‍ലാന്റിനും താഴെയാണിത്. കറന്‍സിയുടെ 86%വും ഉയര്‍ന്ന മൂല്യമുള്ള നോട്ടുകളാണ് ഇന്ത്യയില്‍. ചൈനയില്‍ ഇത് 90%വും അമേരിക്കയില്‍ 81% ആണ്. ഇതാണ് വസ്തുതയെന്നരിക്കെ പെട്ടെന്നുള്ള നോട്ടുനിരോധനം ആവശ്യമാകുന്ന തരത്തില്‍ എന്തായിരുന്നു ഇന്ത്യയിലുണ്ടായിരുന്ന പ്രശ്‌നം? 5 നവംബര്‍ എട്ടിന് അടിയന്തരയോഗം ചേരാനാവശ്യപ്പെട്ട് ആര്‍.ബി.ഐ ബോര്‍ഡ് അംഗങ്ങള്‍ക്കു നോട്ടീസ് നല്‍കിയത് എപ്പോഴാണ്? ഈ യോഗത്തില്‍ ആരൊക്കെ പങ്കെടുത്തു? എത്രസമയം നീണ്ടുനിന്നു? ഈ യോഗത്തിന്റെ മിനിറ്റ്സ് എന്തൊക്കെയാണ്?
6. യോഗത്തിനുശേഷം നോട്ടുനിരോധനം ശുപാര്‍ശ ചെയ്തുകൊണ്ട് മന്ത്രിസഭയ്ക്ക് അയച്ച കുറിപ്പില്‍ ഇത് ഇന്ത്യയിലെ 86% കറന്‍സിയെയും ബാധിക്കുമെന്ന് വ്യക്തമാക്കിയിരുന്നോ? പിന്‍വലിച്ച കറന്‍സിക്ക് തുല്യമായ കറന്‍സി പുറത്തിറക്കാന്‍ എത്രസമയം വേണം? 7. ആര്‍.ബി.ഐ നവംബര്‍ എട്ടിന് പുറത്തിറക്കിയ നോട്ടിഫിക്കേഷന്‍ പ്രകാരം ഒരാള്‍ക്ക് ഒരു ദിവസം ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുന്ന പരമാവധി തുക 1000രൂപയും ഒരാഴ്ച 20000രൂപയും എന്നാക്കിയിരുന്നു. എ.ടി.എമ്മില്‍ നിന്ന് 2000വും. ഏതു നിയമത്തിന്റെ, ആര്‍.ബി.ഐയുടെ എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണ് പണം പിന്‍വലിക്കുന്നതിന ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്തിയത്? അങ്ങനെയൊരു നിയമം ചൂണ്ടിക്കാട്ടാനില്ലെങ്കില്‍ എന്തുകൊണ്ട് അധികാര ദുര്‍വിനിയോഗത്തിന് താങ്കള്‍ക്കെതിരെ നിയമനടപടിയെടുക്കുന്നില്ല?
8. കഴിഞ്ഞ രണ്ടുമാസക്കാലത്തിനിടക്ക് എന്തുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഇത്രയേറെ മലക്കംമറിച്ചിലുകള്‍ നടത്തിയത്? പണം പിന്‍വലിക്കുന്ന ഉപഭോക്താവിന്റെ വിരലില്‍ മഷി പുരട്ടണമെന്ന ആശയം കൊണ്ടുവന്ന ആ ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തുക? വിവാഹവുമായി ബന്ധപ്പെട്ട പണം പിന്‍വലിക്കലിനുള്ള നോട്ടിഫിക്കേഷന്‍ തയ്യാറാക്കിയത് ആരാണ്? ഇതൊന്നും ആര്‍.ബി.ഐ അല്ല സര്‍ക്കാറാണ് ചെയ്തതെങ്കില്‍ ആര്‍.ബി.ഐ ഇപ്പോള്‍ ധനകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഡിപ്പാര്‍ട്ട്‌മെന്റാണോ? 9. കൃത്യമായി എത്രരൂപയാണ് അസാധുവാക്കിയത്, എത്രരൂപയുടെ പഴയ കറന്‍സി ബാങ്കില്‍ തിരിച്ചുവന്നു? നോട്ടുപിന്‍വലിക്കാനുള്ള ശുപാര്‍ശ നല്‍കുമ്പോള്‍ എത്രരൂപയുടെ കറന്‍സി തിരിച്ചെത്തുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രതീക്ഷ? 10. വ്യക്തിപരമായി ദോഷം ചെയ്യും എന്ന ഭയം എന്നിങ്ങനെയുള്ള അര്‍ത്ഥശൂന്യമായ കാരണങ്ങള്‍ നിര്‍ത്തി വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ട്? നോട്ടുനിരോധനവുമായി ബന്ധപ്പെട്ട വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ എന്തുകൊണ്ട് മറുപടി നല്‍കുന്നില്ല?
നോട്ടുനിരോധനം; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനോട് പത്ത് ചോദ്യങ്ങൾ
RELATED ARTICLES