ശബരിമലയില്‍ ഇനിയും പോകുമെന്ന് കനകദുര്‍ഗ

kanakadhurga

ശബരിമലയില്‍ ഇനിയും പോകുമെന്നും കുടുംബം തകര്‍ക്കുന്നത് ബിജെപിയാണെന്നും ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗ. ശബരിമലയില്‍ ദര്‍ശനം നടത്തിയതിനാല്‍ തനിക്കും ബിന്ദുവിനുമെതിരെ അടിസ്ഥാനരഹിതമായ
ആരോപണങ്ങളുയരുന്നുവെന്നും കനകദുര്‍ഗ പറഞ്ഞു.തന്റെ ഭര്‍ത്താവിനെ സംഘപരിവാര്‍ പ്രവര്‍ത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. തന്നെ കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം.തനിക്കെതിരെ സഹോദരനും മറ്റ് കുടുംബാംഗങ്ങളും തിരിഞ്ഞതിനാല്‍ ബിജെപിയുടെ സ്വാധീനമുണ്ടെന്ന് വ്യക്തമായെന്നും അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ബിജെപിയുടെ സാമ്ബത്തിക സ്വാധീനം മൂലമാണ് സഹോദരന്‍ ഭരത് ഭൂഷണ്‍ തനിക്കെതിരായത്. യുവതികള്‍ക്കും ക്ഷേത്ര ദര്‍ശനത്തിന് അവകാശമുണ്ടെന്ന വ്യക്തിപരമായ നിലപാടിനെ തുടര്‍ന്നാണ് മല ചവിട്ടിയത്. ആദ്യത്തെ തവണ പ്രതിഷേധം ഉണ്ടായപ്പോള്‍ തിരിച്ചിറങ്ങിയത് പേടിച്ചിട്ടല്ല. കലാപം അഴിച്ചുവിടാന്‍ ഒരുങ്ങി നില്‍ക്കുന്ന അക്രമകാരികള്‍ക്ക് വളമാകരുതെന്ന് കരുതിയാണ് തിരിച്ചിറങ്ങിയതെന്നും ബിന്ദുവും കനകദുര്‍ഗയും വ്യക്തമാക്കി.