പാമ്പാടി നെഹ്‌റു കോളജില്‍ ജീവനൊടുക്കിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയും ബന്ധുക്കളും നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി ഉദയഭാനു നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം ഒത്തുതീര്‍ന്നത്.
ജിഷ്ണുവിന്റെ അമ്മ മഹിജ, സഹോദരന്‍ ശ്രീജിത്ത്, വളയത്തെ വീട്ടില്‍ നിരാഹര സമരം ചെയ്തിരുന്ന ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ എന്നിവരാണ് സമരം അവസാനിപ്പിച്ചത്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം ചെയ്തിരുന്ന മറ്റ് ബന്ധുക്കളും സമരം പിന്‍വലിച്ചു. ജിഷ്ണു കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
അതേസമയം ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കെതിരെ ഉണ്ടായ പോലീസ് അതിക്രമത്തില്‍ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു. മഹിജയെ ഫോണില്‍ വിളിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പോലീസിന് വിഴ്ച പറ്റിയിട്ടില്ലെന്ന ഐ.ജിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂര്‍ണമായി അംഗീകരിക്കുന്നില്ലെന്ന സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
കേസിലെ മൂന്നാം പ്രതി ശക്തിവേലിനെ ഇന്ന് കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശിയായ ശക്തിവേലിനെ കോയമ്പത്തൂരിലെ കിനാവൂരിലെ ഫാം ഹൗസില്‍ നിന്നുമാണ് പിടികൂടിയത്. മൊബൈല്‍ ഫോണ്‍ സിഗ്നല്‍ പിന്തുടര്‍ന്നാണ് ശക്തിവേലിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘം പടികൂടിയത്. തൃശൂരിലെത്തിച്ച ഇയാളെ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തുവരികയാണ്.
നെഹ്‌റു കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടിയാണ് പിടിയിലാകാനുള്ളത്. രണ്ടാം പ്രതി സഞ്ജിത്ത് വിശ്വനാഥനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അസിസ്റ്റന്റ പ്രൊഫ. സി.പി പ്രവീണ്‍, ദിപിന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.