ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി

ജിഷ്ണു പ്രണോയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടത്തിയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സിപിഐ(എം) പുറത്താക്കി. വളയം മണ്ണാര്‍ക്കണ്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പറായിരുന്നു ശ്രീജിത്ത്. തല്‍സ്ഥാനത്ത് നിന്നാണ് പുറത്താക്കിയിരിക്കുന്നത്.

പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടുകള്‍ക്ക് വിരുദ്ധമായി നിലകൊണ്ടുവെന്ന് ആരോപിച്ചാണ് നടപടി. കഴിഞ്ഞ കുറേ ദിവസങ്ങളായി പിണറായി സര്‍ക്കാരിനെയും ഇടതുപക്ഷ പാര്‍ട്ടികളെയും ചോദ്യമുനയില്‍ നിര്‍ത്തിയ നിരാഹാര സമരമടക്കം ജിഷ്ണുവിന്റെ കുടുംബം നടത്തിയ സമരങ്ങള്‍ക്കെല്ലാം നേതൃപരമായ പിന്തുണ നല്‍കിയ ആളാണ് ശ്രീജിത്ത്.

മഹിജക്കൊപ്പം നിന്ന് നടത്തിയ സമരങ്ങള്‍ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ച പശ്ചാത്തലത്തിലാണ് പാര്‍ട്ടി നടപടിയെന്ന് വേണം കരുതാന്‍.