മാണിയുടെ മരണത്തോടെ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

High court

മാണിയുടെ മരണത്തോടെ ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. മാണി മരിച്ച സാഹചര്യത്തില്‍ കേസ് നിലനില്‍ക്കില്ലെന്ന് കോടതി വിലയിരുത്തി.ബാര്‍ കോഴ വിവാദത്തിന് തുടക്കമില്ല ബാര്‍ ഉടമ ബിജു രമേശ്, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതി തീര്‍പ്പാക്കിയത്. ബാര്‍ കോഴയില്‍ മാണിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടുളളതായിരുന്നു ഹര്‍ജികള്‍. ബാര്‍ കോഴക്കേസിലെ തുടരന്വേഷണം വഴിമുട്ടിയപ്പോഴാണ് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചത്. കെഎം മാണിക്ക് ബാര്‍കോഴയില്‍ പങ്കില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മൂന്ന് തവണയാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാത്രമല്ല മാണി നിരപരാധിയാണ് എന്നാണ് യുഡിഎഫ് സര്‍ക്കാരും പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും നിലപാടെടുത്തത്.ഇതിനെതിരെയാണ് വിഎസും ബിജു രമേശും ഹൈക്കോടിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ബാര്‍കോഴക്കേസില്‍ നിന്നും തന്നെ ഒഴിവാക്കണം എന്നാവശ്യപ്പെട്ട് കെഎം മാണി നല്‍കിയ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ടായിരുന്നു. ഈ ഹര്‍ജിയുമായി ബന്ധപ്പെട്ട നടപടികളും കോടതി അവസാനിപ്പിച്ചു.