കൊരട്ടി പള്ളിയിലെ സംഘര്‍ഷത്തിനിടയിൽ 12 ലക്ഷം രൂപയും സ്വര്‍ണവുമായി വികാരിമാർ മുങ്ങി

koratti palli

കൊരട്ടി പള്ളിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പ്രശ്‌നങ്ങള്‍ വഷളാക്കി സഹവികാരിമാര്‍ നേര്‍ച്ചപ്പണവും, വഴിപാട് സ്വര്‍ണവുമായി മുങ്ങി. 12 ലക്ഷം രൂപയുടെ നേര്‍ച്ചപ്പണവും, അളന്നുതിട്ടപ്പെടുത്താത്ത സ്വര്‍ണവുമായാണ് സഹവികാരിമാര്‍ കടന്നുകളഞ്ഞത്. സഹവികാരിമാരായ ഫാ.പിന്റോ, ഫാ.അനില്‍ എന്നിവരാണ് വിശ്വാസികള്‍ ഉച്ചയൂണിന് പോയ സമയം നോക്കി കടന്നത്. ഇതോടെ വിശ്വാസികള്‍ സംഘടിച്ച്‌ അരമനയില്‍ ഒത്തുകൂടി.  സാധാരണ വെള്ളിയാഴ്ചകളിലാണ നേര്‍ച്ചപ്പണം എണ്ണിത്തിട്ടപ്പെടുത്തത്. പള്ളിയിലെ പ്രശ്‌നങ്ങള്‍ മൂലം ഇടയ്ക്ക് പണം എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. എണ്ണിത്തിട്ടപ്പെടുത്തി വച്ച ഒന്നരമാസത്തെ പണമാണ് സഹവികാരികള്‍ എടുത്തുകൊണ്ടുപോയത്. നേരത്തെ പള്ളിവിടാന്‍ തയ്യാറായി ഇറങ്ങിയ സഹവികാരിമാരെ ഇടവകക്കാര്‍ തടഞ്ഞുവച്ചിരുന്നു. ഇതുവരെ നടന്നത് എടയന്ത്രത്തിന്റെ ബുദ്ധിയില്‍ രൂപം കൊണ്ട നാടകമെന്നും പള്ളി അടച്ചുപൂട്ടാന്‍ ആലഞ്ചേരി പിതാവ് അറിയാതെ അണിയറയില്‍ നീക്കം നടക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കില്ലന്നും വിശ്വാസികള്‍ പറഞ്ഞു. ഇടവക ജനങ്ങളെ തമ്മിലടിപ്പിച്ച്‌ കിലോകണക്കിന് സ്വര്‍ണവും കോടികണക്കിന് രൂപയും കൊള്ളയടിച്ച സംഭവത്തില്‍ കുറ്റക്കാരെന്ന് ഇടവക അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയ വികാരി മാത്യു മണവാളനെ രക്ഷിക്കാന്‍ വേണ്ടിയാണ് ജോസഫ് തെക്കിനിയനെ വികാരിയായി നിയമിച്ചതെന്നും ഇന്നലെ ഇദ്ദേഹത്തെ അരമന പിന്‍വലിച്ചിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും ഇടവക വിശ്വാസികള്‍ വ്യക്തമാക്കി. ഇതിന് പിന്നാലെ ഇന്നലെ രാവിലെ പള്ളിയിലെ ആരാധന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി വന്നിരുന്ന സഹവികാരിമാരും സ്ഥലം വിടാന്‍ തീരുമാനിച്ച്‌ രംഗത്തിറങ്ങുകയായിരുന്നെന്നും വിശ്വാസികള്‍ തടഞ്ഞതിനാല്‍ ഇവര്‍ യാത്രമാറ്റിവച്ച്‌ പള്ളിയില്‍ തങ്ങുകയാണെന്നുമാണ് ലഭ്യമായ വിവരം.സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലുമുള്‍പ്പെടെയുള്ള ഏതാനും പേര്‍ ചേര്‍ന്നാണ് വികാരിയെയും സഹവികാരിമാരെയും തിരിച്ച്‌ വിളിച്ച്‌ പള്ളി പൂട്ടുന്നതിന് നീക്കം നടത്തുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം. വേദപാഠം ക്ലാസിന്റെ ചുമതലയുണ്ടായിരുന്ന രണ്ട് പേരെ മാറ്റണമെന്നാവശ്യപ്പെട്ട് ഇന്നലെ ഒരു വിഭാഗം രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു.ഇടവകക്കാരെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചവരാണ് വേദപാഠം പഠിപ്പിക്കുന്നതെന്നും അതിനാല്‍ ഇവരെ ചുമതയില്‍ നിന്നും ഒഴിവാക്കണമെന്നും ഇല്ലങ്കില്‍ കുട്ടികളെ അയക്കില്ലന്നുമായിരുന്നു രക്ഷിതാക്കളുടെ നിലപാട്. ഈ സംഭവം ഇപ്പോഴത്തെ ഭരണസമിതിയുടെ തലയില്‍കെട്ടിവയ്ക്കാനും ഇതുവഴി ഇടവകക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി പള്ളിപൂട്ടുന്നതിനുമാണ് ആസൂത്രിത നീക്കം ആരംഭിച്ചിട്ടുള്ളതെന്നും വിശ്വാസികള്‍ വ്യക്തമാക്കി. പള്ളിയുടെ പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചെന്ന് ഇടവക കമ്മീഷനും അരമന കമ്മീഷനും കണ്ടെത്തിയ വികാരി മാത്യു മണവാളനെയും കൂട്ടാളികളെയും മാര്‍ സൈബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് മാര്‍ പുത്തന്‍ വീട്ടിലും സംരക്ഷിക്കുന്നത് വീതം ലഭിച്ചിട്ടാണോ എന്ന് വ്യക്തമാക്കണമെന്ന നിലയിലേയ്ക്കുവരെ ഇടവജനങ്ങളുടെ പ്രക്ഷോഭം ശക്തിപ്പെട്ടിരുന്നു.ഇതേത്തുടര്‍ന്ന് പള്ളിവികാരി ഫാ.മാത്യൂ മണവാളനെ തല്‍സ്ഥാനത്തുനിന്നും മാറ്റി നിര്‍ത്തുമെന്ന് രൂപത നേതൃത്വം വിശ്വാസികള്‍ക്ക് ഉറപ്പുനല്‍കി.ഫാ.മാത്യൂ മണവാളനെ ഒഫീഷ്യല്‍ വികാരി സ്ഥാനത്ത് നിന്നും മാറ്റി പകരം പ്രീസ്റ്റ് ഇന്‍ ചാര്‍ജ് എന്ന തസ്തികയില്‍ മറ്റൊരു വൈദികനെ നിയമിക്കുമെന്നായിരുന്നു രൂപത നേതൃത്വംത്തിന്റെ അറിയിപ്പ്.ഇതേത്തുടര്‍ന്ന് നിയമിച്ച വികാരിയെ ആണ് ഇപ്പോള്‍ രൂപത പിന്‍വലിച്ചിരിക്കുന്നതെന്നാണ് ഇടവകാംഗങ്ങളുടെ ആരോപണം. പ്രശ്‌നങ്ങളെ തുടര്‍ന്ന് പള്ളിയിലെ കുര്‍ബാന പോലും മുടങ്ങുന്ന അവസ്ഥയാണ്. ഞായറാഴ്ച കുര്‍ബാന തസ്സപ്പെട്ടതിന് പിന്നാലെ, ഇടവകാംഗത്തിന്റെ ശവസംസ്‌കാരത്തിനും തടസ്സം നേരിട്ടു.പുറത്ത് നിന്ന് വൈദികര്‍ എത്തിയാണ് സംസ്‌കാരം നടത്തിയത്.