Wednesday, December 11, 2024
HomeNationalഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്; വിമാനം വൈകിയതിൽ അന്വേഷണത്തിന് ഉത്തരവ്

ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ്; വിമാനം വൈകിയതിൽ അന്വേഷണത്തിന് ഉത്തരവ്

ഉപരാഷ്​ട്രപതി തെരഞ്ഞെടുപ്പ് ദിവസം എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്​ദുല്‍ വഹാബും സഞ്ചരിച്ച വിമാനം വൈകിയ സംഭവത്തെ കുറിച്ച് വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അന്വേഷണത്തിന് ഉത്തരവിട്ടു. പി.കെ. കുഞ്ഞാലിക്കുട്ടിയും പി.വി. അബ്​ദുല്‍ വഹാബും നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഇരുവരും ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയോടൊപ്പം മന്ത്രിയെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. 

സംഭവത്തില്‍ എയര്‍ ഇന്ത്യയില്‍നിന്ന്​ മന്ത്രി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വിമാനത്തിലെ പൈലറ്റ് നിരുത്തരവാദപരമായാണ് പെരുമാറിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് സമയം വൈകുമെന്നതിനാല്‍ ഡല്‍ഹി യാത്രക്ക് മറ്റു മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അറിയിച്ചെങ്കിലും വിമാനത്തില്‍നിന്ന്​ പുറത്തിറങ്ങാന്‍ പൈലറ്റ് സമ്മതിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു. 

ആഗസ്​റ്റ്​ അഞ്ചിന് എയര്‍ ഇന്ത്യയുടെ എ.ഐ 809 വിമാനത്തിലാണ്​ എം.പിമാര്‍ മുംബൈയില്‍നിന്ന്​ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. രാവിലെ 10.30നായിരുന്നു വിമാനം.10നുതന്നെ ഇരുവരും വിമാനത്തില്‍ എത്തിയിരുന്നു. എന്നാൽ, സാങ്കേതിക തകരാറുള്ളതിനാല്‍ 11.30ന് പുറപ്പെടും എന്ന അറിയിപ്പാണ് ലഭിച്ചത്. 11.30ന് വീണ്ടും അര മണിക്കൂര്‍ വൈകുമെന്ന് അറിയിപ്പ് നല്‍കിയെങ്കിലും വിമാനം പൊങ്ങിയത് ഉച്ചക്ക്​ 2.45നായിരുന്നു. 280 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments