നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് ഒന്നിക്കുന്ന കുട്ടികള്‍ നല്‍കുന്ന പാഠങ്ങള്‍

pinarayi

നവകേരളം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ഒന്നിക്കുന്ന കുട്ടികള്‍ സഹജീവി സ്‌നേഹത്തിന്റെ പാഠങ്ങളാണ്‌ നല്‍കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രളയബാധിതരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എന്നീ വകഭേദങ്ങളില്ലാതെ എല്ലാവരും ഈ യജ്‍ഞത്തില്‍ പങ്കാളിയാകുന്നുണ്ട് എന്നത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് ശേഖരണ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാ കുട്ടികളോടും, രക്ഷിതാക്കളോടും അധ്യാപകരോടും അദ്ദേഹം ഫേസ്ബുക്ക്‌ കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം നവകേരള നിര്‍മ്മിതിക്കായി നമ്മുടെ കുട്ടികള്‍ കൂടി ഒന്നിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രളയബാധിതരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് എന്നീ വകഭേദങ്ങളില്ലാതെ എല്ലാവരും ഈ യജ്‍ഞത്തില്‍ പങ്കാളിയാകുന്നുണ്ട് എന്നത് സന്തോഷകരമാണ്. ദുരിതാശ്വാസഫണ്ട് ശേഖരണപ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാ കുട്ടികളോടും, രക്ഷിതാക്കളോടുംഅധ്യാപകരോടും അഭ്യര്‍ത്ഥിക്കുന്നു. വലിയ ഒരു ദുരന്തത്തെയാണ് നമ്മള്‍ നേരിട്ടത്. നിങ്ങളില്‍ പലരും, കൂട്ടുകാരും ഒക്കെ കൊച്ചു പ്രായത്തില്‍ത്തന്നെ ദുരന്തം അഭിമുഖീകരിച്ചവരാണ്. ഇപ്പോഴും ദുരിതാശ്വാസ ക്യാമ്ബുകളില്‍ നിന്നും സ്കൂളില്‍ എത്തുന്ന കുട്ടികളുണ്ട്. നിങ്ങളുടെ ആ കൂട്ടുകാരെ എല്ലാം സംരക്ഷിക്കാനാണ് ഈ പരിശ്രമം. ആ കൂട്ടുകാരോട്  ഒരു കാര്യം പറയാം, ആരും ആശങ്കപ്പെടേണ്ട, നിങ്ങളെ എല്ലാം പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കും. അതിന് സര്‍ക്കാര്‍ പ്രതിജ്‍ഞാബദ്ധമാണ്.