Thursday, March 28, 2024
HomeKeralaകൊച്ചി മെട്രോ സര്‍വീസ് ഉദ്ഘാടനത്തിനായുള്ള വേദിയുടെ നിര്‍മാണം ആരംഭിച്ചു

കൊച്ചി മെട്രോ സര്‍വീസ് ഉദ്ഘാടനത്തിനായുള്ള വേദിയുടെ നിര്‍മാണം ആരംഭിച്ചു

കൊച്ചി മെട്രോ സര്‍വീസ് ഉദ്ഘാടനത്തിനായുള്ള വേദിയുടെ നിര്‍മാണം ജവാഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ആരംഭിച്ചു. 6000 പേരെ ഉള്‍ക്കൊള്ളുന്ന പന്തലാണ് തയ്യാറാക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാട്ടര്‍മാര്‍ക്ക് എന്ന ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിനാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നതിന്റെ ചുമതല. ഐജി പി വിജയന്‍, സിറ്റി പൊലീസ് കമീഷണര്‍ എം പി ദിനേശ്, അസി. കമീഷണര്‍ യതീശ് ചന്ദ്ര എന്നിവര്‍ ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ച് സുരക്ഷാ ക്രമീകരണങ്ങളും വേദിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും വിലയിരുത്തി.

പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാസംഘവും സംസ്ഥാന പൊലീസ്സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നു നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനവേദിയായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം തെരഞ്ഞെടുത്തത്. തുടര്‍ന്നും ഇവിടെ വിവിധ ഘട്ടങ്ങളായുള്ള പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സുരക്ഷാസംഘവും പൊലീസും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ചാകും വേദിയുടെ നിര്‍മാണം പൂര്‍ത്തിയാക്കുക.

പ്രധാനമന്ത്രി അടക്കമുള്ള വിശിഷ്ടാതിഥികളുടെ സുരക്ഷ, അവരുടെ വരവ്, വാഹന പാര്‍ക്കിങ്, പൊതുജനങ്ങളുടെ പങ്കാളിത്തം എന്നിവയെക്കുറിച്ച് പ്രാഥമികമായി വിലയിരുത്തിയെന്ന് ഐജി പി വിജയന്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ക്ക് ഉദ്ഘാടന വേദിയിലേക്കു വരാന്‍ കഴിയാത്തതിനാല്‍ ചടങ്ങ് തത്സമയം വീക്ഷിക്കാന്‍ പ്രധാന സ്ഥലങ്ങളില്‍ എല്‍ഇഡി സ്ക്രീനുകള്‍ സ്ഥാപിക്കുന്നതുസംബന്ധിച്ചും കെഎംആര്‍എലുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments