ഉത്തർപ്രദേശിലെ കാണ്‍പൂരിൽ വ്യാജ ആധാർ കാർഡ് നിർമാണ സംഘത്തെ പിടികൂടി. വ്യാജ കൈവിരൽ രേഖകളും റെറ്റിന സ്കാനിംഗ് രേഖകളും സൃഷ്ടിച്ചായിരുന്നു സംഘത്തിന്‍റെ പ്രവർത്തനം. സംസ്ഥാന വ്യാപകമായി പ്രവർത്തിച്ചിരുന്ന സംഘത്തെയാണു പിടികൂടിയതെന്നു പ്രത്യേക അന്വേഷണ സംഘം പറഞ്ഞു. ഇവർ നിർമിച്ച ആധാർ കാർഡുകളെയും ഇവയുടെ വിതരണത്തെയും സംബന്ധിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൈവിരൽ ഖേകളുടെ പകർപ്പുകളും യുഐഡിഎഐ സോഴ്സ്കോഡും നിർമിച്ച് വ്യാജ ആധാർ കാർഡ് ആപ്ലിക്കേഷനുകൾ നിർമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. രേഖകൾ ചോർത്തി ഹാക്കർമാരും സഹായം നൽകി. 5000 രൂപയ്ക്കായിരുന്നു ഹാക്കർമാർ രേഖകൾ വിറ്റിരുന്നത്.
38 കൈവിരൽ രേഖകൾ, രാസവസ്തു ഉപയോഗിച്ചു നിർമിച്ച 46 കൈവിരൽ ഖേകൾ, രണ്ട് ആധാർ ഫിംഗർ സ്കാനറുകൾ, രണ്ടു റെറ്റിന സ്കാനറുകൾ, എട്ടു റബ്ബർ സ്റ്റാന്പുകൾ, 18 ആധാർ കാർഡുകൾ, ഒരു വെബ്ക്യാം, ജിപിഎസ് ഉപകരണം, പോളിമർ ക്യുറിംഗ് ഉപകരണം എന്നിവ സംഘത്തിൽനിന്നു പിടിച്ചെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന 12 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.