ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലിടൂര്‍ എന്ന കമ്പനിയുമായി ചേര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിച്ച ഹെലികോപ്ടര്‍ സര്‍വീസ് തിരുവനന്തപുരത്ത് നിന്ന് നിലയ്ക്കലിലേക്ക് കന്നിയാത്ര നടത്തി. 11ന് രാവിലെ 9.45 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രതിരിച്ച ഹെലികോപ്ടര്‍ 10.15ന് നിലയ്ക്കല്‍ മഹാദേവ ക്ഷേത്ര പരിസരത്ത് ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുള്ള ഹെലിപ്പാഡില്‍ ഇറങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗം അജയ് തറയില്‍, ഹെലിടൂര്‍ മാനേജിംഗ് ഡയറക്ടര്‍ ഷോബി പോള്‍, പൈലറ്റ് കെ.എം.ജി നായര്‍ എന്നിവരായിരുന്നു കന്നിയാത്രക്കാര്‍. ശബരിമല ക്ഷേത്രത്തെ ഒരു അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുക എന്ന ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യത്തിലേക്കുള്ള സുപ്രധാനമായ ചുവടുവയ്പാണ് തീര്‍ഥാടകര്‍ക്ക് വേണ്ടിയുള്ള ഹെലികോപ്ടര്‍ സര്‍വീസ് എന്ന് കന്നിയാത്രയ്ക്ക് ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ തീര്‍ഥാടകരെ ആശുപത്രികളില്‍ എത്തിക്കുന്നതിനും മറ്റും ഹെലികോപ്ടറിന്റെ സേവനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യവുമുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയിട്ടുള്ളവര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഹെലിപാഡില്‍ ഹെലികോപ്ടര്‍ ഇറക്കുന്നതിന് ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയറില്‍ നിന്നും അനുമതി വാങ്ങാവുന്നതാണെന്നും പ്രസിഡന്റ് പറഞ്ഞു. ഹെലികോപ്ടര്‍ ഇറങ്ങിയശേഷം പ്രത്യേക പൂജകള്‍ നടന്നു. എറണാകുളം ആസ്ഥാനമായുള്ള കമ്പനിയാണ് ഹെലിടൂര്‍. ഇരുദിശയിലേക്കും കൂടി ആറ് തീര്‍ഥാടകര്‍ക്ക് 1,20,000 രൂപയാണ് ഈടാക്കുന്നതെന്നും തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് മകരവിളക്ക് വരെ തീര്‍ഥാടകരുടെ സൗകര്യാര്‍ഥം സര്‍വീസ് നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും ഹെലിടൂര്‍ കമ്പനി എം.ഡി ഷോബി പോള്‍ പറഞ്ഞു. ബെല്‍ 401 സീരിസില്‍പ്പെട്ട ഹെലികോപ്ടറാണ് സര്‍വീസിന് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ശബരിമല തീര്‍ഥാടകര്‍ക്കായി ഹെലികോപ്ടര്‍ സര്‍വീസ്
RELATED ARTICLES