സ്വാശ്രയ കോളജുകളുടെ പ്രവർത്തനം പരിശോധിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിനായിരിക്കും സമിതിയുടെ ഏകോപന ചുമതല . പാമ്പാടി നെഹ്റു എൻജിനിയറിംഗ് കോളജിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണു തീരുമാനം.
സാങ്കേതിക സർവകലാശാലയുടെ ബോർഡ് ഓഫ് ഗവേണേഴ്സ് യോഗം മന്ത്രിസഭായോഗത്തിനു ശേഷം ചേർന്നു. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള വിദ്യാർഥികളുടെ പരാതികൾക്കു പരിഹാരം കാണാൻ ഓംബുഡ്സ്മാനെ നിയമിക്കാൻ തീരുമാനിച്ചു. എഐസിടിഇയുടെ പരാതി പരിഹാര ചട്ടങ്ങൾ അനുസരിച്ചാണ് ഓംബുഡ്സ്മാനെ നിയമിക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചത്.
സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ എൻജിനിയറിംഗ്, എംബിഎ, എംസിഎ, ആർക്കിടെക്ചറർ കോളജിലെയും വിദ്യാർഥികൾക്ക് ഓംബുഡ്സ്മാനു പരാതി നൽകാം. ആദ്യം കോളജ് തലത്തിലുള്ള പരാതി പരിഹാര സംവിധാനത്തിൽ പരാതിപ്പെടണം എന്നിട്ടും പ്രയോജനം ഉണ്ടാകുന്നില്ലെങ്കിൽ ഓംബുഡ്സ്മാനെ സമീപിക്കാം. സർക്കാർ, എയ്ഡഡ് കോളജ് വിദ്യാർഥികൾക്കും പരാതി നൽകാം. ജില്ലാ ജഡ്ജിയിൽ കുറയാത്ത പദവിയിലുള്ളയാളായിരിക്കും ഏകാംഗ ഓംബുഡ്സ്മാൻ.
അതേസമയം, പാമ്പാടി നെഹ്റു കോളജിലുണ്ടായ സംഭവങ്ങൾ ഇന്നലെ ചേർന്ന മന്ത്രിസഭ ഗൗരവത്തോടെയാണു പരിഗണിച്ചത്. ജിഷ്ണുവിന്റെ ജീവൻ നഷ്ടപ്പെട്ടതുപോലുള്ള സംഭവങ്ങൾ ഇനി ആവർത്തിക്കരുതെന്ന പൊതുവികാരം യോഗത്തിലുയർന്നു.
കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയ എൻജിനിയറിംഗ് കോളജിൽ വിദ്യാർഥികളെ പീഡിപ്പിക്കുന്ന കാര്യം ഒരു മന്ത്രി ചൂണ്ടിക്കാട്ടിയപ്പോൾ അക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
അഫിലിയേഷനുള്ള പരിശോധനയുടെ മാതൃകയിൽ സർവകലാശാലയ്ക്കു കീഴിലുള്ള എല്ലാ എൻജിനിയറിംഗ് കോളജുകളിലും പ്രത്യേക പരിശോധന നടത്തും. സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കേണ്ടതുണ്ടെന്നു മന്ത്രിസഭ വിലയിരുത്തി. കുട്ടികളുടെ പഠനം, പാഠനേതര പ്രവർത്തനങ്ങൾ, താമസ സൗകര്യങ്ങൾ തുടങ്ങിയവ പ്രത്യേകം പപരിശോധിക്കും. പരീക്ഷാ നടത്തിപ്പ്, ഇന്റേണൽ അസസ്മെന്റ് എന്നിവയും പരിശോധിക്കും.