സുപ്രീംകോടതിയിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ച നാല് ജഡ്ജിമാരുമായി അനുരഞ്ജനത്തിന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ശ്രമം തുടങ്ങി. ചീഫ് ജസ്റ്റീസിന്‍റെ പ്രതിനിധികളായ രണ്ടു ജഡ്ജിമാർ ജസ്റ്റീസ് ജെ.ചെലമേശർ ഉൾപ്പെടെ നാല് പേരുമായും സംസാരിക്കും. ഇതിന് ശേഷം ഭരണഘടനാ ബെഞ്ച് വിളിച്ച പ്രതിസന്ധി പരിശോധിക്കാനാകും ചീഫ് ജസ്റ്റീസിന്‍റെ ശ്രമം. ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, നാഗേശ്വർറാവു എന്നിവരെയാണ് പ്രതിഷേധക്കാരുമായി സംസാരിക്കാൻ ചീഫ് ജസ്റ്റീസ് നിയോഗിച്ചിരിക്കുന്നത്. പരസ്യമായി ചീഫ് ജസ്റ്റീസിനെതിരേ നിലപാടെടുത്ത വിഷയത്തിൽ കൂടുതൽ പ്രകോപനത്തിന് പോകേണ്ടെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സാഹചര്യങ്ങൾ വിലയിരുത്തൻ അറ്റോർണി ജനറൽ ചീഫ് ജസ്റ്റീസുമായി ചർച്ച നടത്തി. കോടതിക്കുള്ളിൽ നടന്ന വിഷയമായതിനാൽ അവിടെ തന്നെ പരിഹരിക്കപ്പെടട്ടെ എന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. രാവിലെ സുപ്രീംകോടതി ചേർന്നതിന് പിന്നാലെ ജസ്റ്റീസുമാരായ ജെ.ചെലമേശ്വർ, കുര്യൻ ജോസഫ്, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകൂർ എന്നിവർ കോടതി ബഹിഷ്കരിച്ച് വാർത്താസമ്മേളനം നടത്തിയിരുന്നു. ചീഫ് ജസ്റ്റീസിന്‍റെ നിലപാടുകൾ പരസ്യമായി എതിർത്തായിരുന്നു ജഡ്ജിമാരുടെ വാർത്താസമ്മേളനം.