അഞ്ഞൂറ് കിലോ ശരീര ഭാരമുള്ള ഈജിപ്ഷ്യന്‍ യുവതി ശരീരഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയക്കായി മുംബൈയിലെത്തി. കഴിഞ്ഞ 25 വര്‍ഷമായി വീടിന് പുറത്തിറങ്ങാത്ത ഇമാന്‍ അഹമ്മദാണ് മുംബൈയിലെത്തിയത്. ബാരിയാട്രിക് സര്‍ജ്ജനും വിദഗ്ദ്ധനുമായ മുഫസല്‍ ലഖ്ദവാലയുടേയും സംഘത്തിന്റേയും പരിചരണത്തിലാണിപ്പോള്‍ 36കാരിയായ ഇമാന്‍ അഹമ്മദ്.
കഴിഞ്ഞ മൂന്ന് മാസമായി ഇമാന്‍ ലഖ്ദവാലയുടെ ചികില്‍സയിലാണ്. ഈജിപ്തില്‍ നിന്നും ഇമാനെ ഇന്ത്യയിലെത്തിക്കുന്നത് ശ്രമകരമായ ജോലിയായിരുന്നു. ഈജിപ്ത് എയര്‍ വിമാനത്തിലാണ് ഇമാനെ ഇന്ത്യയിലെത്തിച്ചത്. ജീവന് തന്നെ ഭീഷണിയായേക്കാവുന്ന യാത്രയില്‍ ഡോക്ടര്‍മാരായ അപര്‍ണ ഗോവില്‍ ഭാസ്‌ക്കര്‍, കമലേഷ് ബൊഹ്‌റ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഇന്ത്യയില്‍ നിന്നും പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഈജിപ്തിലെത്തിയിരുന്നു. തുടര്‍ന്ന് കരുതലുകള്‍ക്കും ചികില്‍സയ്ക്കും ശേഷമാണ് ഇമാനൊപ്പം ഇന്ത്യയിലേയ്ക്ക് തിരിച്ചത്. സെയ്ഫീ ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. വിമാനത്തിലും പുറത്തുമുള്ള യാത്രയ്ക്കായി ഇമാന് പ്രത്യേകം കിടക്കകള്‍ സജ്ജീകരിച്ചിരുന്നു. അത്യാഹിത ഘട്ടം വന്നാല്‍ പ്രയോജനപ്പെടുത്താന്‍ വെന്റിലേറ്റര്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ഇന്‍ റ്റുബേറ്റിംഗ്ല് ലാറിങോസ്‌കോപ് എന്നിവയും വിമാനത്തില്‍ കരുതിയിരുന്നു.
പ്രത്യേകമായി സജ്ജീകരിച്ച ട്രക്കിലാണ് ഇമാനെ ആശുപത്രിയിലെത്തിച്ചത്. ഇമാനായി പ്രത്യേക മുറിയും ആശുപത്രി അധികൃതര്‍ ഒരുക്കി.