പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിയായ ജിഷ്ണു പ്രണോയ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലടക്കം അഞ്ചുപേർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പ്രതി ചേര്‍ക്കും. ഇരിങ്ങാലക്കുട എ.എസ്.പി കിരൺ നാരായണൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇതു സംബന്ധിച്ച് നിയമോപദേശം തേടിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍ , വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണു കോപ്പിയടിച്ചുവെന്നു പറഞ്ഞ് പിടിച്ച ഇന്‍വിജിലേറ്ററായിരുന്ന അധ്യാപകന്‍ സി പി പ്രവീണ്‍ പരീക്ഷാ ഹാളില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് നീക്കം.
അഞ്ചുപേരെയും ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നതായിട്ടാണ് അവസാനമായി കിട്ടിയ സൂചന. ഐപിസി 306 എന്ന വകുപ്പു പ്രകാരം കേസെടുക്കാന്‍ തീരുമാനിച്ചതായി തൃശൂര്‍ റൂറല്‍ എസ്പി എന്‍ വിജയകുമാര്‍ പറഞ്ഞു. അറസ്റ്റ് എതു സമയത്തും ഉണ്ടാകുമെന്നു പോലീസ് വ്യക്തമാക്കി. ഇതിനോടകം അന്വേണസംഘം കോളേജ് അധികൃതരും അധ്യാപകരും വിദ്യാര്‍ഥികളുമായി 230-ഓളം പേരെ ചോദ്യം ചെയ്തിരുന്നു. ജിഷ്ണുവിനെ കടുത്ത മാനസിക സംഘര്‍ടത്തിലേക്ക് കോളേജ് അധികൃതർ തള്ളിവിട്ടതായി അന്വേഷണ സംഘത്തിനു ബോധ്യമായിട്ടുണ്ട്.
അതെസമയം കോളജ് മാനേജ്മെന്റ് അധ്യാപകരെ രക്ഷിക്കാന്‍ ശ്രമം നടത്തികൊണ്ടിരിക്കുകയാണ് . പാമ്പാടി നെഹ്റു കോളജിലെ ബാത്ത്റൂമില്‍ ജിഷ്ണുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് ജനുവരി ആറിനാണ്.
മാനേജ്മെന്റ് ജീവനക്കാരും അധ്യാപകരും പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണം ഉന്നയിച്ചു ജിഷ്ണുവിനെ മര്‍ദ്ദിച്ചെന്നും ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നുവെന്നുമാണ് പുറത്തുവന്ന വാര്‍ത്ത. ഇതിനെ തുടര്‍ന്ന് വലിയ പ്രക്ഷോഭ പരിപാടികള്‍ കോളേജിന് നേരെ നടന്നിരുന്നു. എന്നാൽ ജിഷ്ണു അത്മഹത്യ ചെയ്തതാണെന്നാണ് മാനേജ്മെന്റ് അധികൃതര്‍ പ്രതികരിച്ചത്. അതേസമയം ജിഷ്ണു കോപ്പിയടിച്ചത് റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ലെന്നും ജിഷ്ണുവിന്റെ മരണത്തില്‍ കോളജിന് വലിയ വീഴ്ചയുണ്ടായെന്നുമാണ് സര്‍വകലാശാലയുടെ അന്വേഷണത്തിൽ തെളിഞ്ഞത്.
നെഹ്റു ഗ്രൂപ്പ് ചെയര്‍മാനായ കൃഷ്ണദാസിന്റെ സ്ഥാപനങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നു കൊണ്ടിരിക്കുന്നത്. ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ പീഡനങ്ങളും നിയമലംഘനങ്ങളും തുടർക്കഥയാണ് . ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിന്റെ മുൻപിൽ നിറുത്തണം എന്ന് നെഹ്റു ഗ്രൂപ്പ് കോളേജുകളിലെ വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. നാദാപുരം വളയം സ്വദേശി അശോകന്റെയും മഹിജയുടെയും മകനാണ് ജിഷ്ണു പ്രണോയ്. നെഹ്‌റു കോളേജിൽ ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്ഥിയുമായിരുന്നു.