കുപ്രസിദ്ധനായ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി

bandi chor

കുപ്രസിദ്ധനായ മോഷ്ടാവ് ബണ്ടിചോര്‍ കുറ്റക്കാരനെന്ന് കോടതി. ഭവനഭേദനം, മോഷണം, തെളിവുനശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായി തെളിഞ്ഞതായും കോടതി അറിയിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കേസ് പരിഗണിക്കുന്നത്.തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ക്യഷ്ണകുമാര്‍ കേസില്‍ ഏപ്രില്‍ 22-ന് ശിക്ഷ വിധിക്കും.

സ്ഥിരം കുറ്റവാളിയായതിനാല്‍ പരമാവധി ശിക്ഷ വിധിക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.2013 ജനവരി 21ന് വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയെത്തുടര്‍ന്നാണ് ദേവീന്ദര്‍സിങ് (44) എന്ന ബണ്ടി ചോര്‍ പിടിയിലായത് . നാലു വര്‍ഷമായി തടവില്‍ കഴിയുകയാണ്. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ഇടയ്ക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി. എന്നാല്‍ മാനസിക രോഗമില്ലെന്ന് കണ്ടെത്തി ഇയാളെ തിരികെ ജയിലിലേക്ക് അയച്ചു.

വേണുഗോപാലന്‍ നായരുടെ വീട്ടിൽ നിന്നും മുപ്പതുലക്ഷം രൂപയുടെ മിസ്തുബിഷി ഔട്ട് ലാന്‍ഡര്‍ കാറും സ്വര്‍ണവുമായി കടന്ന ഇയാളെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. നന്ദന്‍കോട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന വിമല്‍കുമാറിന്റെ കാര്‍ മോഷ്ടിച്ച ബണ്ടി ചോര്‍ ഈ കാറിലെത്തിയാണ് പട്ടത്ത് കവര്‍ച്ച നടത്തിയത്. രണ്ടുദിവസത്തിനകം പോലീസ് ഇയാളെ കര്‍ണാടകയില്‍വച്ച് പിടികൂടിയിരുന്നു.

രാജ്യാന്തര കുറ്റവാളിയായ ദേവീന്ദര്‍ പിടികിട്ടാപ്പുള്ളിയും മുന്നൂറോളം കവര്‍ച്ചാക്കേസുകളിലെ പ്രതിയുമാണ്. ഡല്‍ഹി, ചെന്നൈ, ബാംഗളൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അയാള്‍ നിരവധി മോഷണം നടത്തിയിട്ടുണ്ട്. 39 സാക്ഷികളേയും,89 രേഖകളും,96 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.ആഡംബരവസ്തുക്കളാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.പോലീസ് ബണ്ടിയെ പല പ്രാവശ്യം അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ തന്ത്രപൂര്‍വം രക്ഷപെട്ടിരുന്നു.