യുവ നടിയെ ക്രൂരമായി ആക്രമിക്കാൻ ദിലീപിനെ പ്രേരിപ്പിച്ചത് വർഷങ്ങളായുള്ള പക. നടിയുടെ വിവാഹം മുടക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭവം ആസൂത്രണം ചെയ്തത്. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധത്തിലെ തകർച്ചയിൽ നടിക്ക് പങ്കുണ്ടെന്ന ദിലീപിൻെറ ചിന്തയാണ് ക്രൂര കൃത്യത്തിലേക്ക് നയിച്ചത്.
കാവ്യമാധവനുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ നടി മഞ്ജുവിനോട് വെളിപ്പെടുത്തിയിരുന്നു. കുടുംബ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ദിലീപ് നടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് മഞ്ജുവുമായുള്ള ബന്ധം തകർന്നതോടെ ഇതിന് പിന്നിൽ നടിയായിരുന്നുവെന്നു ദിലീപ് ഉറച്ചു വിശ്വസിച്ചു. തുടർന്നാണ് നടിയെ ആക്രമിക്കാന്‍ പൾസർ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്.
2013ല്‍ ആണ് ആദ്യ ക്വട്ടേഷന്‍ ആസൂത്രണം ചെയ്തത്. കൊച്ചി എം.ജി റോഡിലെ ഹോട്ടല്‍ അബാദ് പ്ലാസയിലെ പാര്‍ക്കിങ്ങിൽ ദിലീപിൻെറ സ്വന്തം ബി.എം.ഡബ്ലൂ കാറിലിരുന്നാണ് ക്വട്ടേഷന്‍ ഉറപ്പിച്ചത്. ഒന്നരക്കോടി രൂപയാണ് സുനിക്ക് നൽകാമെന്നേറ്റത്. പതിനായിരം രൂപ അഡ്വാൻസ് നൽകുകയും ചെയ്തു. നടിയുടെ പ്രതിശ്രുത വരന്‍ വിവാഹനിശ്ചയത്തിന് മുമ്പ് നല്‍കിയ മോതിരവും നടി ചിരിക്കുന്നതുമായ ദൃശ്യങ്ങൾ ഉൾപെടെ മൂന്ന് മിനിറ്റ് നേരത്തേ വിഡിയോ ആണ് ദിലീപ് സുനിയോട് ആവശ്യപ്പെട്ടത്. എന്നാൽ രണ്ടു തവണ നടിയെ ആക്രമിക്കാൻ സുനി പദ്ധതിയിട്ടെങ്കിലും ശ്രമം പാളുകയായിരുന്നു. പിന്നീട് വ്യക്തമായ ആസൂത്രണത്തോടെയാണ് ആക്രമണം നടത്തിയത്.