Friday, April 26, 2024
HomeKeralaപ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈകിട്ട് ഏഴ് മണിയോടുകൂടിയായിരുന്നു അന്ത്യം സംഭവിച്ചത്.

ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ എം.ജെ.രാധാകൃഷ്ണൻ 75ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. സമാന്തര ചിത്രങ്ങളിലൂടെ സഞ്ചരിച്ച അതുല്യ പ്രതിഭയാണ് വിട്ടുപിരിഞ്ഞത്. മൂന്നു പതിറ്റാണ്ടോളം നീളുന്ന സിനിമാ ജീവിതത്തിൽ എഴുപത്തഞ്ചോളം ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ചു.

ദേശാടനം, കരുണം, നാലു പെണ്ണുങ്ങൾ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ച ചിത്രങ്ങൾ കാൻ, ടൊറന്റോ, ചിക്കാഗോ, റോട്ടർഡാം ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്കാരം നേടി. ഷാജി എൻ.കരുൺ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.പ്രശസ്ത സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മുരളി നായർ, ഷാജി എൻ.കരുൺ, ടി.വി.ചന്ദ്രൻ, ഡോ.ബിജു, ജയരാജ്, രഞ്ജിത്, മധുപാൽ തുടങ്ങിയവർക്കൊപ്പം പ്രവർത്തിച്ചു.

സ്വാഭാവിക വെളിച്ചത്തിന് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള ഛായാഗ്രഹണ ശൈലിയായിരുന്നു ഇദ്ദേഹത്തിന്റേത്. ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം േനടി. ഇതു റെക്കോർഡാണ്. മങ്കട രവിവർമയും ഏഴു തവണ പുരസ്കാരം നേടിയിട്ടുണ്ട്. ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടുപൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കാണ് സംസ്ഥാന പുരസ്കാരം നേടിയത്.

പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.പുനലൂർ എസ്എൻ കോളജിൽ പഠിക്കുമ്പോൾ തന്നെ ക്യാമറ കയ്യിലെടുത്ത രാധാകൃഷ്ണനെ സിനിമയിൽ കൊണ്ടുവന്നത് എൻ.എൻ.ബാലകൃഷ്ണനാണ്.

സ്റ്റിൽ ഫൊട്ടോഗ്രഫറായിട്ടായിരുന്നു തുടക്കം. ഷാജി എൻ.കരുണിനോടൊപ്പവും പ്രവർത്തിച്ചു. അലി അക്ബർ സംവിധാനം ചെയ്ത മാമലകൾക്കപ്പുറത്ത് എന്ന ചിത്രമാണ് ആദ്യ സ്വതന്ത്ര ചിത്രം. മകൻ യദുകൃഷ്ണനും ഛായാഗ്രാഹകനാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments