രാജസ്ഥാനിലെ സർവകലാശാലകളിൽ ഈ വർഷം ഗാന്ധിജയന്തിക്ക് അവധി നൽകില്ല. രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗിന്‍റെ ഓഫീസ് പുറത്തിറക്കിയ 2017- 18 വർഷത്തെ അധ്യയന കലണ്ടറിൽ ആകെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത് 24 അവധി ദിനങ്ങൾ മാത്രമാണ്. ഇതിൽ ഓക്ടോബർ രണ്ട് പ്രവൃത്തി ദിനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബർ ഒന്നിന് മുഹറത്തിനും അതേ മാസം 13 മുതൽ 21 വരെ ദീപാവലി പ്രമാണിച്ചും അവധി ഉണ്ടായിരിക്കുമെന്നും കലണ്ടറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഗുരുനാനാക് ജയന്തി, അംബേദ്ക്കർ ദിനം, മഹാവീര ജയന്തി, മഹാറാണപ്രതാപ് ജയന്തി തുടങ്ങിയ ദിവസങ്ങൾക്കെല്ലാം അവധി നൽകിയപ്പോഴാണ് ഗാന്ധി ജയന്തിയെ ഒഴിവാക്കിയത്.
സംസ്ഥാനത്തെ 12 സർവകലാശാലകൾക്ക് ഇതിനോടകം അധ്യയന കലണ്ടർ നൽകുകയും ഇതിൽ ചില സർവകലാശാലകൾ കലണ്ടർ പ്രകാരമുള്ള അധ്യയന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് സർവകലാശാലകളും ഇത് പിന്തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരങ്ങൾ.