കവളപ്പാറയില്‍ നിന്ന് ഞെട്ടിക്കുന്ന കഥകൾ …..

KAVALAPPRA FLOOD

കവളപ്പാറയില്‍ നിന്ന് ഞെട്ടിക്കുന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. കവളപ്പാറയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഒരു ഡോക്ടറുടെ അനുഭവ കഥയാണ് ഡോ അശ്വതി സോമന്‍ അവരുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവയ്ക്കുന്നത്.

ഡോ. അശ്വതി സോമന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:


അനുഭവക്കുറിപ്പ്

ഒന്നു രണ്ടു മൃതദേഹങ്ങളും, ഒന്നു രണ്ടു കവറില്‍ ആക്കിയ തലകളും കിട്ടിയാല്‍ എന്തു ചെയ്യും അശ്വതി ഡോക്ടറേ, ഇതു ആരുടെയാണ് എന്നു എങ്ങനെയാ കണ്ടെത്തുക, എങ്ങനെ ഇതു കയ്യില്‍ പിടിച്ചു ഒത്തു നോക്കും?എങ്ങനെ പോസ്റ്റ് മോര്‍ട്ടം ചെയ്യും?ഞങ്ങളും മനുഷ്യരല്ലേ ? രാത്രി 2 മണിവരെ ഒറ്റക്ക് ഇതു കാണാന്‍ പറ്റാതെ കൂടെ ഒരാളെ കൂടി ഡ്യൂട്ടിക്ക് കയറ്റി, പോരാതെ ഞങ്ങള്‍ മാറി മാറിയാ പോസ്റ്റുമോര്‍ട്ടം ചെയ്തത്. ഇത്ര കാലത്തെ സര്‍വീസിനിടയില്‍ പല കുറി പല തരത്തില്‍ ഉള്ള മൃതദേഹങ്ങള്‍ കണ്ടിട്ടു പോലും നിലമ്ബൂരില്‍ കഴിഞ്ഞ ദിവസം ഇങ്ങനെ ചിലതു കണ്ടു തളര്‍ന്നു ഇരിക്കാനെ കഴിഞ്ഞുള്ളു ഞങ്ങള്‍ക്ക്. ശരീരം ജിഗ്‌സോ പസില്‍ പോലെ വെച്ചു നോക്കേണ്ട അവസ്‌ഥ.ഇന്ന് ക്യാമ്ബില്‍ എന്നോട് സംസാരിച്ച ഒരു ഡോക്ടറുടെ അനുഭവമാണിത്.


ആര്‍ത്തലച്ചു വന്ന പൊടി പടലങ്ങളും, വന്‍ മരങ്ങളും എല്ലാം കൊണ്ടുപോയപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ നിന്നു പോയതാ..മറ്റേ ഭാഗത്തേക്ക് രാത്രി കണ്ട വഴിയേ ഓടി പോയ ഏട്ടനും അമ്മൂമ്മയും പോയി ഡോക്ടറെ….


രണ്ടു ദിവസം നിലമ്ബൂരില്‍ പോകാന്‍ പോലും, എന്തിനു മഞ്ചേരി ജംഗ്ഷന്‍ കടക്കാനോ, എടവണ്ണ എത്താനോ പോലും കഴിയാതെ വീട്ടില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ വീടിന്‍റെ തൊട്ടപ്പുറത്ത് ഉള്ള ഹാസിര്‍ ഇന്നലെ ഉച്ചക്ക് മമ്ബാട് ക്യാമ്ബില്‍ പോകാം എന്നു പറഞ്ഞപ്പോള്‍ തന്നെ അവിടെ എത്തി. എല്ലായിടത്തും ഡോക്ടര്‍മാരും, നഴ്‌സ്മാരും, അനുബന്ധ ആള്‍ക്കാരും കുറവ് തന്നെ. ഹോളിഡേ ആയതുകൊണ്ടു മാത്രമല്ല , അവിടങ്ങളില്‍ ജോലിയെടുക്കുന്നവരുടെ വീടുകളില്‍ വരെ വെള്ളം കയറി അതു വൃത്തിയാക്കല്‍ വരെ ബുദ്ധിമുട്ടി നില്‍ക്കുകയാണ്. പിന്നെ അവര്‍ എങ്ങനെ ക്യാമ്ബുകളില്‍ വരും.
കെജിഎംഒഎ യും, ഐഎംഎ യും സംഘടിതമായി രംഗത്തെത്തി. ഇന്നലെ രാത്രി 9 മണിക്കു മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ തുടങ്ങിയ യോഗത്തിനൊടുവില്‍ 2 വണ്ടി നിറയെ ഡോക്ടര്‍മാരും, മരുന്നുകളും എല്ലാവരും റെഡി.

മിഷന്‍ നിലമ്ബൂര്‍ ആണ് ഉദ്ദേശം.

ഇന്ന് രാവിലെ 8 മണിക്ക് തന്നെ നിലമ്ബൂരില്‍ എത്താന്‍. ഡോ മുരളി, ഡോ റഊഫ്, ഡോ ഫെബിന്‍, ഡോ സജനി, ഡോ ഷാജുതോമസ്, ഡോ നന്ദകുമാര്‍, ഡോ ജലീല്‍ പിന്നെ ഞാനും ഉണ്ടായിരുന്നു യോഗത്തില്‍. യോഗത്തില്‍ നിന്നു രാത്രി 10.30 യോട് കൂടി ഞാന്‍ പൊന്നപ്പോളും മറ്റുള്ളവര്‍ ഉറക്കം ഇല്ലാതെ അവിടെ ഉണ്ടായിരുന്ന.

രാവിലെ 8.30 യോട് കൂടി നിലമ്ബൂരില്‍ എത്തി. മൊബൈല്‍ ഡിസ്പെന്‍സറിയിലെ വണ്ടിയും എടുത്തു.എന്‍റെ കൂടെ ഡോ ഷിജിന്‍, ജെ എച്ച്‌ ഐ രാജേഷ്, ഡ്രൈവര്‍ അനൂപ്, നഴ്സിങ് ട്യൂട്ടര്‍ ബാബു, സുമേഷ് തുടങ്ങിയവര്‍ ഉണ്ടായിരുന്നു. ബേസ് ക്യാമ്ബ് ഒരുക്കിയത് പിഎച് സി പോത്തുകല്ലില്‍.രാവിലെ ബ്രീഫിങ് കഴിഞ്ഞു അവിടുന്നു ഡോക്ടര്‍മാര്‍ അടങ്ങുന്ന ടീമുകള്‍ മരുന്നുകളും, പറ്റുന്ന മറ്റു വസ്തുക്കളും ആയി പല ഭാഗങ്ങളിലേക്ക് തിരിച്ചു.

പോകുന്ന വഴികള്‍ മുഴുവന്‍ നദിയുടെ സംഹാര താണ്ഡവം വിളിച്ചറിയിച്ചിരുന്നു. ഒരാള്‍ പൊക്കത്തില്‍ വരെ അടിഞ്ഞു കൂടിയ ചെളി. റോഡിന്റെ ഇരുവശങ്ങളിലും തന്റെ ജീവിതത്തിന്റെ മുക്കാല്‍ പങ്കും കഷ്ടപ്പെട്ടു പണിയെടുത്തു കെട്ടിപ്പൊക്കിയ സ്വപ്ന സൗധങ്ങള്‍ നിലം പൊത്തിയത് കണ്ടു വീര്‍പ്പടക്കി നില്‍ക്കുന്നവര്‍. കുതിയൊലിച്ചു വന്ന നദികൊണ്ടുവന്ന മാലിന്യങ്ങള്‍ ജനലിലൂടെ പുറത്തേക്കു തെറിച്ചു നില്‍ക്കുന്നു. പാഴ് വസ്തുക്കള്‍ നിറഞ്ഞിരിക്കുന്ന തുണി കടകളും, പലചരക്കുകടകളും.
ചില വഴികള്‍ മുഴുവന്‍ കടപുഴകി ഒലിച്ചു വന്ന മരങ്ങളും, വേരുകളും കൊണ്ട് അടഞ്ഞു പോയിരിക്കുന്നു.ജെസിബി കൊണ്ടു അതിന് നടുവിലൂടെ ഒരു വാഹനത്തിനു കഷ്ടിച്ചു കടന്നു പോകാവുന്ന ഒരു വഴി ഒരുക്കിയിരിക്കുന്നു.

അവിടെ എത്തിയപ്പോഴാണ് അറിഞ്ഞത് നിലമ്ബൂര്‍ മുണ്ടേരിയില്‍ ഭംഗിയുള്ള ഫാം ഉണ്ടായിരുന്ന സ്ഥലത്തു ഇപ്പോള്‍ കുറച്ചു മണല് മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നു. അവിടെ 5 കോളനികളിലായി കുറേ പേര്‍ ഭക്ഷണവും, വെള്ളവും ഇല്ലാതെ കുടുങ്ങി കിടക്കുന്നു എന്നും. ഭക്ഷണം നല്‍കാന്‍ ഹെലികോപ്റ്റര്‍ സേവനം തുടങ്ങിട്ടിട്ടുണ്ട്. അവരെ അവിടെ നിന്നു രക്ഷിച്ചു കൊണ്ടു വരുമ്ബോള്‍ ഇക്കരെ ഞങ്ങളും എത്തിയിരുന്നു.

കളക്ടറും, അസിസ്റ്റന്റ കളക്ടറും , ഡിഎംഒ മാടവും, ഐ.റ്റി.ഡി.പി ഓഫീസറും, നാട്ടുകാരും ,ആര്‍മി ഒക്കെ അവിടെ ഉണ്ടായിരുന്നു.

ഒഴുക്കില്‍ പെട്ടു ആടിഉലഞ്ഞു പോകുന്ന ബോട്ടില്‍ കയറു കെട്ടി അപ്പുറത്തുള്ളവരെ ഇങ്ങോട്ടു എത്തിച്ചു. സ്ഥിരം പോയിരുന്ന സ്ഥലങ്ങളിലെ ചിലര്‍, അവിടെ ഫാര്‍മില്‍ പണിയെടുത്തിരുന്നവര്‍ , രക്ഷപെടണം എന്നു മനമുരുകി ദൈവത്തെ പ്രാര്‍ത്ഥിച്ചവര്‍ അങ്ങനെ കുറച്ചു പേര്‍ . അവര്‍ ഇപ്പുറം എത്തിയതും ഒതുക്കി വെച്ച കണ്ണുനീര്‍ അവര്‍ അറിയാതെ ഒഴുകുന്നുണ്ടായിരുന്നു.അത്രക്ക് ഭീതി അനുഭവിച്ചിരുന്നു അവര്‍ എന്നു നമുക്ക് മനസ്സിലാകും.ആ പൊട്ടിക്കരയുന്ന കാഴ്ച്ച ദുസ്സഹരം തന്നെ.ചുണ്ടുകള്‍ വിതുമ്ബി ഒന്നും പറയാനാകാതെ കുടുംബത്തെഒന്നടങ്കം കെട്ടിപിടിച്ചു കൊണ്ടുള്ള ഇരുപ്പ് അതു എത്ര നാള്‍ കഴിഞ്ഞാലും മനസ്സില്‍ നിന്നു മായുമെന്ന് തോന്നുന്നില്ല.

ഭിന്നശേഷിക്കാരനായ അപ്പു ചോദിച്ചത് ഐസ്ക്രീമിനാണ്. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ഞാന്‍ കൊണ്ടു ചെല്ലാം എന്ന് ഉറപ്പ് പറഞ്ഞിരുന്നു.ഇന്ന് ഇങ്ങനെ കാണുമെന്നു ഒട്ടും കരുത്താത്തത് കൊണ്ടു കയ്യില്‍ ഉണ്ടായിരുന്നില്ല. അടുത്ത ദിവസം കാണുമ്ബോള്‍ തരാം എന്നു പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞത് .

കോട്ടയത്തു നിന്നു ഇവിടെ ജോലിക്കെത്തിയവര്‍. അവര്‍ ഉണ്ടാക്കിയ ഏദന്‍ തോട്ടം ,ഒരു വാക്കു പോലും ചോദിക്കാതെ നദി തട്ടി അകറ്റിയപ്പോള്‍ കരയുടെ അപ്പുറം ഇരുട്ടുകുത്തി കോളനിയില്‍ അകപ്പെട്ടവര്‍. 1.5 വയസ്സും 2.5 വയസ്സും ഉള്ള രണ്ടു കുഞ്ഞുങ്ങളെ മാറോട് അടക്കി പിടിച്ചു ഒരു തുള്ളി വെള്ളം പോലും കുടിക്കാനില്ലാതെ 2 ദിവസം അവിടെ അകപ്പെട്ടവര്‍. രക്ഷിക്കാന്‍ ആരു വരും എന്നോ, തനിക്ക് എന്തു സംഭവിക്കും എന്നോ അറിയാതെ മുന്നില്‍ രുദ്ര താണ്ഡവം ആടുന്ന നദിയെ നോക്കി ഭീതി പൂണ്ടവര്‍. അവരുടെ കാരച്ചിലിന് ഇന്ന് പ്രതിവിധി ഉണ്ടായിരിക്കുന്നു.

ഹെലികോപ്റ്ററില്‍ പറ്റുന്ന മുറക്ക് ഭക്ഷണവും, വെള്ളവും ഇട്ടു കൊടുക്കുന്നു. വലിയ ഉരുളന്‍ പാറക്കഷ്ണങ്ങളില്‍ തട്ടിപലതും പൊട്ടിപോയിട്ടും ഒരിറ്റു വെള്ളത്തിനായി കഷ്ടപ്പെടുന്നത് കണ്ടപ്പോള്‍ നമ്മള്‍ നശിപ്പിച്ചു കളയുന്ന സൗഭാഗ്യങ്ങളെ കുറിച്ചു ഓര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
നാട്ടുകാരുടെ ഇടപെടലുകള്‍ കാരണം തന്നെ ഒരുപാട് പേര്‍ ഇന്ന് സുരക്ഷിതരായി ക്യാമ്ബുകളില്‍ ഉണ്ട്.ചുണ്ണാമ്ബ് തേച്ചിരിക്കുന്ന ന്യൂ ജന്‍ പിള്ളേര്‍ തന്നേ പലരെയും തക്ക സമയത്ത് രക്ഷപെടുത്തി എത്തിച്ചത്.

ആദിവാസികളില്‍ പലരും മലകയറി ഉള്ളിലേക്ക് പോയിരിക്കുന്നു. കാടിന്റെ മക്കള്‍ക്കു കാടിന്റെ ഉള്‍വിളി അറിയാതിരിക്കുമോ. പലരും ഇറങ്ങി വന്നില്ല. അവരുടെ സംരക്ഷകര്‍ അവര്‍ വിശ്വസിക്കുന്ന പ്രകൃതിയാണ്. അത് അവരുടെ വിശ്വാസം. ഇറങ്ങി വന്നവരെ ക്യാമ്ബുകളിലേക്കു പാര്‍പ്പിപ്പിച്ചു.

ചുമക്കും,പനിക്കും ,വേദനക്കും, വളം കടിക്കും മരുന്നുവാങ്ങിയവര്‍ ഏറെ. പലരുടേയും മുഖത്ത് ആദിയായിരുന്നു. ഇനി എന്തു എന്ന ചോദ്യവും.

കടമെടുത്തു വാങ്ങിയ കടകള്‍, ജീവത്തിലെ നല്ല പങ്കു ജീവിക്കാതെ കെട്ടിപ്പൊക്കിയ കയറിക്കിടക്കാനുള്ള കൂരകള്‍, സെന്റിന് വിലപേശി പറഞ്ഞു വാങ്ങിയ സ്ഥലങ്ങള്‍ ഇതെല്ലാം ഒരു വാക്കു പോലും ചോദിക്കാതെ ഒരു നാള്‍ജീവിതത്തിലേക്ക് കയറി വന്ന് ആരോ തട്ടിപ്പറച്ചിരിക്കുന്നു. പരിഭവം പറയാനോ, കരയാനോ കഴിയാത്തവര്‍. വിഷമത്തിന്റെ കണക്കില്‍ എനിക്കാണോ നിനക്കാണോ കൂടുതല്‍ നഷ്ടം എന്നു തിട്ടപ്പെടുത്താന്‍ കഴിയാത്തവര്‍. നഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ സ്വന്തംഎന്നു കരുതിയ എന്തൊക്കെ തിരിച്ചു കിട്ടും എന്നു പോലും അറിയാത്തവര്‍.

ഉരുള്‍ പൊട്ടി ഒലിച്ചു വന്ന മണ്ണും, മരങ്ങളും ചില കോളനികളെ മുഴുവനായി കൊണ്ടു പോയി.ജീവന്‍ ബാക്കി ലഭിച്ചത് കൊണ്ടു ഈ പ്രായത്തില്‍ ഇനി എന്തു ചെയ്യും എന്നറിയാത്തവര്‍. അങ്ങനെ പറഞ്ഞാല്‍ തീരാത്ത കഥകളായി ക്യാമ്ബുകളില്‍ ചിലര്‍ ഉണ്ട്.

അടഞ്ഞു കൂടിയ ചെളിയില്‍ കണ്ണീരു കൂടി ചേര്‍ത്തു എടുത്തു കളയുന്നവര്‍, എടുത്തു വെച്ച കുഞ്ഞുടുപ്പുകളും, ഓര്‍മകള്‍ അടങ്ങുന്ന ആ മയില്‍ പീലിയും ചെളി നിറഞ്ഞു വലിച്ചെറിയ പെടുമ്ബോള്‍ നിസ്സംഗതരായിരിക്കുവാന്‍ ശ്രമിക്കുന്നവര്‍.

കാരണങ്ങള്‍ പലതു നിരത്തി തനിക്കു ഏല്‍ക്കേണ്ടി വന്ന ദുരന്തത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍. അങ്ങനെ പലരുണ്ടു അവരുടെ കൂട്ടത്തില്‍. വെറുതേ കൈ പിടിച്ചു കണ്ണിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു എഴുന്നേറ്റു പോകുന്നവര്‍.

പറ്റുന്ന പോലെ സാധാരണ നടത്തുന്ന ക്യാമ്ബുകള്‍ പോലെ ആക്കിയെടുക്കാന്‍ ശ്രമിച്ചു. പറ്റുന്ന കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. ബ്ലീച്ചിങ്, ക്ലോറിനേഷന്‍, പകര്‍ച്ചവ്യാധി നിയന്ത്രണം തുടങ്ങിയവയെ കുറിച്ചു സംസാരിച്ചു.

പക്ഷേ മനസ്സില്‍ വല്ലാത്ത ഒരു ഭാരം.

എല്ലാം കഴിഞ്ഞു ഉച്ചക്ക് ഇരുട്ടുകുത്തിയില്‍ വീണ്ടും പോയി ആര്‍മി ഉണ്ടാക്കിയ ഭക്ഷണവും കഴിച്ചു, മറ്റു 2 ക്യാമ്ബുകളും ഇന്നത്തെ റിപ്പോര്‍ട്ടും മായി 5 മണിക്ക് പൊതുകല്ലില്‍ തിരിച്ചെത്തി.
അവിടുന്നു 2 മണിക്കൂര്‍ കൂടി വീട്ടില്‍ എത്താന്‍.

പല കാര്യങ്ങള്‍ സംസാരിച്ച കൂട്ടത്തില്‍ കവളപ്പാറയില്‍ കൂടി ക്യാമ്ബിന് പോകട്ടെ എന്ന് ചോദിച്ച എന്നോട് ഒരു സീനിയര്‍ ഡോക്‌ടര്‍ പറഞ്ഞു…
‘എന്തിനാ അശ്വതി… പലതും കണ്ടിട്ടുണ്ട് ഈ കാലത്തിനിടക്കു, കഴിഞ്ഞ പ്രളയത്തിലും ഞാന്‍ ഇവിടെ ഉണ്ടായിരുന്നു.പക്ഷേ കുഴിച്ചെടുക്കുമ്ബോള്‍ കയ്യും, കാലും, തലയും കൊണ്ട് തരുമ്ബോള്‍ നമ്മള്‍ എന്താ ചെയ്ക. അത്രക്ക് മനക്കട്ടി ഇല്ല മോളേ അതോണ്ട് അവിടേക്ക് നീ ഇപ്പോള്‍ പോണ്ട ,നാളെ നിനക്കവിടെ ക്യാമ്ബ് ഇട്ടാല്‍ മാത്രം പോയാല്‍ മതി ‘…..

കേട്ടറിഞ്ഞ സത്യത്തിനേക്കാള്‍ പതിന്മടങ്ങ് വലുതാണ് ഈ അനുഭവം എന്നു പറയുന്നത്. അതു അനുഭവിച്ചു തന്നെ അറിയണം.ഘനീഭവിച്ച മനസ്സോടെ അവിടുന്നു ഇറങ്ങുമ്ബോള്‍ മഴക്കാറുകള്‍ ഇരുണ്ടു കൂടുന്നുണ്ടായിരുന്നു മാനത്തു.

മണ്ണെടുക്കുന്ന കോറികളും, മണലെടുക്കുന്നവരും, പ്ലാസ്റ്റിക്കും, മറ്റു മാലിന്യങ്ങളും വലിച്ചെറിയുന്നവരും, വെള്ളംദുരുപയോഗം ചെയ്യുന്നവരും തുടങ്ങി എല്ലാവരും ഒന്നു ചിന്ദിക്കുക. പ്രകൃതിയുടെ ഈ മാറ്റത്തിന് എല്ലാവരും ഉത്തരവാദികള്‍ എന്നു. ഈ വീഴുന്ന ഓരോ കണ്ണുനീരിനും ഒരു ചെറുഉത്തരവാദിത്വം നമുക്കും ഉണ്ടെന്നു.

ശ്രീ അബ്ദുള്‍ കലാമിന്‍റെ 2070ല്‍ നിന്നുള്ള ഒരു കത്ത് എന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്ന പോലെ..
We are the last generation who can make a change

ഒരു മാറ്റം വരുത്താന്‍ കഴിയുന്ന അവസാന തലമുറയാണ് നമ്മള്‍ എന്നു എത്ര പേര്‍ മനസ്സിലാക്കുന്നു….

ഈ വന്നടിഞ്ഞു കൂടിയ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍വീണ്ടും നദിയിലേക്ക് തന്നെ…മറ്റെവിടെയോ എത്തിപ്പെടാന്‍


മരുന്നു വാങ്ങാന്‍ വന്ന ഒരു 6 വയസ്സുകാരി. 5ml പാരസെറ്റമോള്‍ മോള്‍ക്ക്‌ പനിക്ക് കൊടുക്കണം എന്നു പറഞ്ഞു തലഉയര്‍ത്തി നോക്കിയപ്പോ കൂടെ ആരും ഉണ്ടായിരുന്നില്ല.അമ്മയും, അച്ഛനും, ഏട്ടനും ഒന്നിച്ചു അവളെ വിട്ടു പോയിരുന്നു. 5ml അളന്നു തിട്ടപ്പെടുത്തി പനിക്ക് ഇനി ആര് മരുന്നു കൊടുക്കും. എന്തൊരു ഒറ്റപ്പെടലാ അല്ലേ.. രാത്രി ഉറങ്ങുമ്ബോള്‍ കൂടെ കിടന്ന ഉറ്റവരുടെ മുഖം പോലും കുറച്ചു നാള്‍ക്ക് ശേഷം ഇവള്‍ ഓര്‍ക്കുമോ….
ഇതും പറഞ്ഞു മറ്റൊരു ഡോക്ടര്‍ നെടുവീര്‍പ്പിട്ടു…

വീണ്ടും ഒ പി ചീട്ടിലേക്കും നാളത്തെ ക്യാമ്ബിലേക്കും.

പക്ഷേ എന്തു വന്നാലും ഒറ്റകെട്ടായി ,ഒന്നിച്ചു നമ്മള്‍ അതിജീവിക്കും. അതിജീവിക്കണം. ഇന്ന് ഇവരെ വന്നു കണ്ടു സമാശ്വസിപ്പിക്കുകയും, മരുന്നുകളും, വസ്ത്രങ്ങളും, ആവശ്യ സാധനങ്ങളും എത്തിച്ച എല്ലാ ആള്‍ക്കാരും ഒന്നിച്ചു പറഞ്ഞതും ഇതു തന്നെയാണ്
എന്തു വന്നാലും ഒറ്റകെട്ടായി ,ഒന്നിച്ചു നമ്മള്‍ അതിജീവിക്കും. അതിജീവിക്കണം.

കാരണം ഇതു കേരളമാണ്.ദൈവത്തിന്‍റെ സ്വന്തം നാട്.