വെച്ചൂച്ചിറ, റാന്നി പോലീസ് സ്റ്റേഷനുകളില്‍ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായി ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാള്‍ നാലു കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. റാന്നി അത്തിക്കയം ചെമ്പനോലി, തകിടിയില്‍ വീട്ടില്‍ മുട്ടായി മണിയന്‍ എന്നു വിളിക്കുന്ന മണിയപ്പനെ(60)യാണ് വെച്ചുച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ 4.180 കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മധുരയില്‍ നിന്നും കഞ്ചാവുമായി എരുമേലിയില്‍ ബസിറങ്ങിയ മണിയപ്പന്‍ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും ഓട്ടോ പിടിച്ച് വെച്ചുച്ചിറയിലേക്ക് പോകുന്നതിനിടെ മണിപ്പുഴയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 1.30 നാണ് പിടിയിലായത്. 2013 മുതല്‍ മുതല്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ റാന്നി, വെച്ചൂച്ചിറ പ്രദേശങ്ങളില്‍ എത്തിച്ച് കച്ചവടം ചെയ്തുവന്ന പ്രതിക്കെതിരെ ഈ സ്റ്റേഷനുകളിലായി 5 കേസുകളും പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്. നിരവധി മോഷണക്കേസുകളിലും പ്രതിയാണ് മണിയപ്പന്‍. വെച്ചൂച്ചിറ, റാന്നി മേഖലകളില്‍ പൊതു ജീവിതത്തിന് നിരന്തരം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുകയും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ശല്ല്യമുണ്ടാക്കുന്ന വിധം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക ഇയാളുടെ പതിവായിരുന്നു. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനായി ജില്ലയില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവി ജി.ജയ്‌ദേവ് നിര്‍ദ്ദേശമനുസരിച്ച് വാഹനപരിശോധന കാര്യക്ഷമമാക്കിയതിനെ തുടര്‍ന്ന് വെച്ചുച്ചിറ പോലീസിന്റെ ശ്രദ്ധാപൂര്‍വ്വമുള്ള നീക്കത്തിലൂടെയാണ് ഇയാള്‍ പിടിയിലായത്. ഇന്‍സ്‌പെക്ടര്‍ക്ക് പുറമേ എസ്.ഐ രാജന്‍, എസ്.സി.പി.ഒ സലിം, സി.പി.ഒ മാരായ സുനില്‍, ഷിന്റോ, സുമില്‍, സുബാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.