കോടീശ്വരനായ ലാലു പ്രസാദ് യാദവിന് 10,000 രൂപ പെൻഷൻ

പട്ടിണി മരണങ്ങളും, തൊഴിലില്ലായ്മയും അതിരൂക്ഷമായ ബീഹാറിൽ കോടീശ്വരനായ ലാലു പ്രസാദ് യാദവിന് ‘ജെപി സേനാനി സമ്മാന്‍ യോജന’ എന്ന പദ്ധതി പ്രകാരം 10,000 രൂപ പെൻഷൻ. സംസ്ഥാനത്തെ അടിയന്തരാവസ്ഥക്കാലത്തുണ്ടായിരുന്ന സമരസേനാനികളുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ് ‘ജെപി സേനാനി സമ്മാന്‍ യോജന’
ജനതാപാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി നേതാവായിരിക്കെ 1974 മുതല്‍ 1977 വരെ ലാലു ബങ്കിപൂര്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും, നിയമ പ്രകാരം ലാലുവിന് പെൻഷന് അർഹതയുണ്ടെന്നും ബീഹാർ സർക്കാർ അറിയിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബീഹാർ സർക്കാർ ലാലുവിന്റെ പാർട്ടിയായ ആർ.ജെ.ഡി സഖ്യകക്ഷിയാണ്. ലാലുവിന് പെന്‍ഷന്‍ അനുവദിച്ച നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായി.
അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണൻ നയിച്ച പ്രക്ഷോഭത്തിൽ പങ്കെടുത്തതിനാലാണ് ലാലു ജയിലിലായത്. നിലവിലെ നിയമ പ്രകാരം അടിയന്തരാവസ്ഥക്കാലത്ത് അഞ്ചു മാസം ജയിൽ വാസം അനുഷ്ഠിച്ചവർക്ക് പ്രതിമാസം 5,000 രൂപയാണ് പെൻഷൻ. അഞ്ചു മാസത്തിൽ കൂടുതൽ ജയിൽ വാസം അനുഭവിച്ചവർക്ക് പ്രതിമാസം 10,000 രൂപ പെൻഷനായി ലഭിക്കും.