Friday, April 26, 2024
HomeKeralaഹോട്ടലിലെ അഗ്നിബാധയിൽ മരിച്ച മലയാളികളുടെ സംസ്കാരം നടത്തി

ഹോട്ടലിലെ അഗ്നിബാധയിൽ മരിച്ച മലയാളികളുടെ സംസ്കാരം നടത്തി

ഡൽഹിയിലെ കരോള്‍ബാഗില്‍ ഹോട്ടലിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച മലയാളികളായ അമ്മയുടെയും മക്കളുടെയും മൃതദേഹം സംസ്‌കരിച്ചു. രാവിലെ എട്ടരയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് ഏറ്റുവാങ്ങി ചേരാനല്ലൂര്‍ പനേലില്‍ നളിനി അമ്മ (84), മക്കളായ പി.സി. വിദ്യാസാഗര്‍ (59), പി.സി. ജയശ്രീ (53) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ ചേരാനല്ലൂരിലെ വസതിയിലെത്തിച്ച്‌ പൊതുദര്‍ശനത്തിന് വച്ചു. സാമൂഹിക രാഷ്ട്രീയ മേഖലയില്‍ നിന്ന് നിരവധിപേര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ചേരാനല്ലൂരിലെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിക്കാണ് നളിയമ്മയുടെയും മകന്‍ വിദ്യാസാഗറിന്റെയും സംസ്‌കാരം നടത്തിയത്. ഇതിന് ശേഷം ജയശ്രീയുടെ മൃതദേഹം ചോറ്റാനിക്കരയിലേക്ക് കൊണ്ടുപോയി. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ സംസ്‌കരിച്ചു. വിദേശത്തായിരുന്ന ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ചൊവ്വാഴ്ച രാത്രി വീട്ടിലെത്തി. പരേതനായ ചന്ദ്രന്‍പിള്ളയാണ് നളിനിയമ്മയുടെ ഭര്‍ത്താവ്. വിദ്യാസാഗര്‍ വിദേശത്തെ ജോലി മതിയാക്കി ഒരു വര്‍ഷം മുമ്ബാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന കരോള്‍ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ തീപിടിത്തമുണ്ടായത്. ഗാസിയാബാദിലുള്ള സഹോദരിയുടെ ചെറുമകളുടെ വിവാഹത്തിനു ശേഷം ആഗ്ര സന്ദര്‍ശിച്ച്‌ ദല്‍ഹിയിലെത്തിയതായിരുന്നു നളിനിയമ്മ അടക്കമുള്ള 13 അംഗ മലയാളി സംഘം.
മൂന്നാം നിലയിലായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി ജനല്‍ തകര്‍ത്താണ് പുറത്തെത്തിച്ചത്. ജയശ്രീയെ സംഭവ സ്ഥലത്തുവച്ചുതന്നെ തിരിച്ചറിഞ്ഞു. രണ്ട് പേര്‍ക്ക് വേണ്ടി നടത്തിയ അന്വേഷണത്തിലാണ് നളിനി അമ്മയുടെയും വിദ്യാസാഗറിന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.
ഹരിദ്വാറിലേക്ക് തിരിക്കാനിരിക്കെയായിരുന്നു അപകടം. പ്രായാധിക്യം കാരണം നളിനി അമ്മയ്ക്ക് തീപിടിത്തത്തിനിടെ ഓടി രക്ഷപ്പെടാന്‍ സാധിക്കാത്തതുകൊണ്ട് മക്കള്‍ മുറിയില്‍ത്തന്നെ നില്‍ക്കുകയായിരുന്നു. ഇവര്‍ക്ക് പുറമേ,വിദ്യാസാഗറിന്റെ ഭാര്യ മാധുരി, മകന്‍ വിഷ്ണു, നളിനിയമ്മയുടെ മകനും തൃപ്പൂണിത്തുറ എല്‍.ഐ.സി ഓഫീസിലെ അസി. മാനേജരുമായ സോമശേഖരന്‍, ഭാര്യ ബീന, നളിനിയുടെ മകള്‍ സുധ, ഭര്‍ത്താവ് സുരേന്ദ്രന്‍, ജയശ്രീയുടെ മക്കളായ ഹരിഗോവിന്ദ്, ഗൗരിശങ്കര്‍, കുടുംബാംഗമായ സരസ്വതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ചേരാനല്ലൂരിലെ തറവാട്ടു വീട്ടില്‍ മകള്‍ സുധയ്ക്കും ഭര്‍ത്താവ് സുരേന്ദ്രനും ഒപ്പമായിരുന്നു നളിനിയമ്മ താമസിച്ചിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments