ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടുമെന്ന് പ്രസ്താവിച്ച യോഗഗുരു ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറൻറ്. കേസുമായി ബന്ധപ്പെട്ട് കോടതി നേരത്തെ രാംദേവിന് സമൻസ് അയച്ചിട്ടും ഹാജാകാത്തതിനാലാണ് പ്രസ്തുത നടപടി. ഹരിയാന ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറൻറ് അയച്ചത്.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 504 (സമാധാനം തകർക്കുന്നതിനുള്ള ബോധപൂർവമായ ശ്രമം), ഇന്ത്യൻ പീനൽ കോഡ് 506 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് താൻ ഭരണഘടന അനുസരിക്കുന്നുണ്ടെന്നും ഇല്ലായിരുന്നെങ്കിൽ ഭാരത് മാതാ കീ ജയ് വിളിക്കാൻ വിസമ്മതിക്കുന്നവരുടെ തലവെട്ടുമായിരുന്നെന്നും പ്രസംഗത്തിനിടെ രാംദേവ് പറഞ്ഞത്. വിവാദ പരാമർശത്തിനെതിരെ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് മുൻ ഹരിയാന മന്ത്രിയും കോൺഗ്രസ് നേതാവുമായ സുഭാഷ് ഭദ്ര കോടതിയെ സമീപിക്കുകയായിരുന്നു.