വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി; ചര്‍ച്ച സജീവമാകുന്നു

income tax

കുവൈത്തില്‍ നിന്ന് വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്തുവാനുള്ള ചര്‍ച്ച വീണ്ടും സജീവമാകുന്നു. ഇത് സംബന്ധിച്ച് വരുന്ന പാര്‍ലമന്റ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുവാനുള്ള നിവേദനത്തില്‍ 7 എം.പി.മാര്‍ ഒപ്പു വെച്ചു. വിദേശികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനു നികുതി ചുമത്തണമെന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് ഖലീല്‍ അല്‍ സാലിഹ് എം.പി.യാണ് കഴിഞ്ഞ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പാര്‍ലമെന്റിലെ സാമ്പത്തിക സമിതി പ്രമേയം തള്ളുകയായിരുന്നു. ഇതേ തുടര്‍ന്നാണു വിദേശികളയക്കുന്ന പണത്തിന് നികുതി ചുമത്തണമെന്ന  ആവശ്യം ഉന്നയിച്ചു കൂടുതല്‍ എം.പി.മാരുടെ പിന്തുണയോടെ വീണ്ടും പ്രമേയം അവതരിപ്പിക്കുന്നത്. സഫ അല്‍ ഹാഷിം ഉള്‍പ്പെടെയുള്ള 7 പ്രുമുഖരായ എം.പി.മാരാണു പ്രമേയത്തില്‍ ഒപ്പു വെച്ചിരിക്കുന്നത്. ഈ ആവശ്യത്തിനു  മറ്റു നിരവധി എം.പി.മാരും പിന്തുണ നല്‍കിയതായി ഖലീല്‍ അല്‍ സാലിഹ് എം.പി. വ്യക്തമാക്കി. പ്രതിവര്‍ഷം 4.2 ബില്യണ്‍ ദിനാറാണു വിദേശികള്‍ നാട്ടിലേക്ക് അയക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 19 ബില്ല്യണ്‍ ദിനാറാണു വിദേശത്തേക്ക്  അയച്ചത്.ഇക്കാരണത്താലാണു താന്‍ പ്രമേയത്തില്‍ ഒപ്പു വെച്ചതെന്ന് സഫാ അല്‍ ഹാഷിം എം.പി. വ്യക്തമാക്കുന്നു.നികുതി ഏര്‍പ്പെടുത്തുക വഴി പ്രതി വര്‍ഷം 200 മില്ല്യണ്‍ ദിനാര്‍ ഖജനാവില്‍ എത്തുമെന്നും എണ്ണ ഇതര വരുമാനത്തിന്  ഇത് മുതല്‍കൂട്ടാകുമെന്നും അവര്‍ പറഞ്ഞു.