സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നടപടി നേരിടുന്ന കല്‍ക്കട്ട ഹൈക്കോടതിയിലെ വിവാദ ജഡ്ജ് സി.എസ് കര്‍ണന്‍ വിരമിച്ചു. 62 വയസ്സാണ് ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം.
അതേസമയം, സുപ്രീംകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച മെയ് 10 മുതല്‍ ഒളിവിലാണ് കര്‍ണന്‍. രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ ആദ്യമായി കോടതിയലക്ഷ്യ കേസില്‍ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് ആറു മാസം തടവ് വിധിച്ചിരുന്നു. കേസിലെ നടപടിക്രമങ്ങള്‍ക്കിടെ അദ്ദേഹത്തെ എല്ലാ ജുഡീഷ്യല്‍ വ്യവഹാരങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തിയിരുന്നു. സുപ്രീംകോടതി ഉത്തരവുള്ളതു കൊണ്ടാണ് കര്‍ണന്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പീറ്റര്‍ രമേശ് കുമാര്‍ പറഞ്ഞു.
സംഭവത്തില്‍ കര്‍ണന്‍ മാപ്പപേക്ഷ നല്‍കിയിരുന്നെങ്കിലും സുപ്രീം കോടതി അതു തള്ളിയിരുന്നു. അതേസമയം, ജയില്‍ശിക്ഷ ഒഴിവാക്കാമെന്ന അപേക്ഷ പരിഗണിക്കാമെന്ന് കോടതി അറിയിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചിരുന്നത്.