ഓടുന്ന ട്രെയിനിൽ പാൻട്രി ജീവനക്കാരൻ യുവതിയെ മാനഭംഗപ്പെടുത്തി. 39 കാരിയായ യുവതിയെയാണ് പാൻട്രി ജീവനക്കാരൻ മാനഭംഗപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച ബാന്ദ്ര ജെയ്പുർ അരാവാലി എക്സ്പ്രസിൽ മുംബൈയ്ക്കും സൂറത്തിനും ഇടയിലായിരുന്നു സംഭവം. ട്രെയിൻ ജെയ്പുരിൽ എത്തിയപ്പോൾ യുവതി ജെയ്പുർ റെയിൽവെ പോലീസിൽ ഇതുസംബന്ധിച്ച് പരാതി നൽകി.
ഗാസിയാബാദ് സ്വദേശിനിയായ വിവാഹിതയായ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ജയ്പുരിലേക്ക് പോകുന്നതിന് ശനിയാഴ്ച രാത്രി മുംബൈയിലെ ബോരിവാലി റെയിൽവെ സ്റ്റേഷനിൽനിന്നാണ് യുവതി ട്രെയിനിൽ കയറിയത്. ജനറൽ കമ്പാർട്ട്മെന്റിലാണ് യാത്ര ചെയ്തത്. എന്നാൽ ഈ കമ്പാർട്ട്മെന്റിൽ യാത്രക്കാരുടെ വലിയ തിരക്കായിരുന്നു. ഇതോടെ പാൻട്രി ജീവനക്കാരനെ സമീപിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. എന്നാൽ ഇയാൾ ഇവർക്ക് പാൻട്രി കാറിൽ കിടക്കാനുള്ള സൗകര്യം നൽകുകയും ഇവിടെവച്ച് പീഡിപ്പിക്കുകയും ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ട്രെയിനിൽനിന്നും തള്ളിയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.